തൃശൂർ: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.
വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ സർക്കാർ സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിൽ നിരവധി മലയാളികൾ കുടുങ്ങിയിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നതിനാൽ മലയാളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രത്യേകം ക്രോഡീകരിക്കാൻ കഴിഞ്ഞിട്ടില്ല. നോർക്കയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയം ഗൗരവമായി അന്വേഷിക്കുന്നുണ്ട്.
ആകെ 1500 പേർ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായാണു നിലവിലെ വിവരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി നേരിട്ടു ബന്ധപ്പെടുമെന്നും അവർക്ക് ആവശ്യമായ സാധനങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.