തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടു റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ ഓഫിസിൽ പൊലിസ് നടത്തിയ പരിശോധനയിൽ മാധ്യമപ്രവർത്തകരെ പൊലിസ് തടഞ്ഞുവച്ചില്ലെന്ന് സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ.
ചാനൽ സംപ്രേഷണം തടഞ്ഞിട്ടില്ല. ഒരു ജോലിയും തടസപ്പെടുത്തിയില്ല. ഇതുമായി ബന്ധപ്പെട്ട പൊലിസ് നടപടിയിൽ വീഴ്ചയില്ല.
പ്രത്യേക അന്വേഷണ സംഘം സെർച്ച് വാറന്േറാടെയും കോടതിയുടെ അനുമതിയുടെ അടിസ്ഥാനത്തിലുമാണ് പരിശോധന നടത്തിയത്. ചാനലിന്റെ ഓഫിസിലും മറ്റിടങ്ങളിലുമെല്ലാം സെർച്ച് നടത്തിയിരുന്നു. സെർച്ച് നടത്തുന്പോൾ ഫോണ് പിടിച്ചുവയ്ക്കാറുണ്ട്. അതു മാത്രമാണ് നടന്നത്. സെർച്ച് നടപടിക്രമത്തിന്റെ ഭാഗമാണത്.
പൊലിസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ വീഴ്ചയുണ്ടായിട്ടില്ല. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ പ്രതിയെന്ന് ആരോപിക്കുന്നവരുടെ ഓഫിസാണ്. തട്ടിപ്പിൽ ആർബിസിയുടെ പേരും പറയുന്നുണ്ട്. എപ്പോൾ പരിശോധന നടത്തണമെന്നത് എസ്ഐടിയുടെ തീരുമാനമാണെന്നും ഡിജിപി പറഞ്ഞു.