ന്യൂഡൽഹി: ഒന്നിലധികം വിഷയങ്ങളിൽ ഭരണ-പ്രതിപക്ഷ പോര് ഉടലെടുത്തതോടെ മൺസൂൺ സമ്മേളനത്തിൽ പരിഗണിച്ച നിർണായക ബില്ലുകൾ പലതും പാസാക്കിയെടുത്തത് ചർച്ചയില്ലാതെ മിനിറ്റുകൾകൊണ്ട്. പരീക്ഷ ഭേദഗതി ബില്ലിൽ മാത്രമാണ് ലോക്സഭയിൽ ചർച്ച നടന്നത്. മറ്റ് 12 ബില്ലുകളും ചർച്ചയില്ലാതെ പാസാക്കി.
കേരളം ബില്ലിൽ ലോക്സഭയിൽ ചർച്ച നടന്നില്ലെങ്കിലും രാജ്യസഭയിൽ ചർച്ച ഉണ്ടായി. എന്നാൽ ബിൽ പാസാക്കുന്നതിന് മുമ്പായി ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ വാക്ക്ഔട്ട് നടത്തി. ഇതിനിടയിലാണ് രാജ്യസഭ ബില്ല് പാസാക്കിയത്.
ധാതുഖനന ഭേദഗതി ബിൽ അഞ്ച് മിനിറ്റിലും നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപറേഷൻ (ഭേദഗതി) ബിൽ പത്ത് മിനിറ്റിലും ട്രൈബ്യൂണൽ റിഫോംസ് ബിൽ 12 മിനിറ്റിലും പാസാക്കിയെടുത്തു.
വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകുന്ന ബിൽ 14 മിനിറ്റ് മാത്രമെടുത്താണ് പാസാക്കിയത്. ശൂന്യവേളയും ചോദ്യോത്തരവേളയും ഒരിക്കൽപോലും പൂർത്തിയാക്കാനായില്ല.
സമ്മേളന കാലയളവിൽ ലോക്സഭയുടെ ഉത്പാദനക്ഷമത 19 ശതമാനവും രാജ്യസഭയുടേത് 39 ശതമാനവുമായി കുറഞ്ഞു. കഴിഞ്ഞ 22 വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ ഉത്പാദനക്ഷമതയാണിത്.