ന്യൂഡൽഹി: അർഹതയുള്ള ഏതൊരു പൗരനും അവരുടെ ഭരണഘടനാപരമായ വോട്ടവകാശം നഷ്ടപ്പെടാൻ ഇടയാകരുതെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ).
അതിനായി എസ്ഐആർ പ്രക്രിയ തികച്ചും സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയിൽ നടപ്പിലാക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ തയാറാകണമെന്നും സിബിസിഐ വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.
യോഗ്യതയുള്ള വ്യക്തികൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്നത് ജനാധിപത്യത്തിനുതന്നെ അപകടകരമാണ്. ജനങ്ങൾ തെരഞ്ഞെടുപ്പുസംവിധാനങ്ങളിൽ അർപ്പിക്കുന്ന തികഞ്ഞ വിശ്വാസത്തിലാണ് ജനാധിപത്യത്തിന്റെ അടിത്തറ നിലകൊള്ളുന്നത്.
ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതും അർഹരായ മുഴുവൻ പൗരന്മാരുടെയും വോട്ട് ഉറപ്പുവരുത്തേണ്ടതും തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്.
ജനാധിപത്യതത്വങ്ങൾ എല്ലാ തലങ്ങളിലും സംരക്ഷിക്കപ്പെടണമെന്നും യാതൊരുവിധ പക്ഷപാതവുമില്ലാതെ കമ്മിഷൻ പ്രവർത്തിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
കൂടാതെ, എസ്ഐആറുമായി ബന്ധപ്പെട്ട ന്യായമായ ആവശ്യങ്ങൾക്കും ജനാധിപത്യഘടനയുടെ സംരക്ഷണത്തിനുമായി രംഗത്തിറങ്ങിയിട്ടുള്ള എല്ലാ പ്രക്ഷോഭകർക്കും പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.