ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷാ ചോദ്യങ്ങളും ഉത്തരസൂചികയും പരസ്യപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നു വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ നാഷണൽ ബോർഡ് ഓഫ് എഡ്യുക്കേഷൻ ഇൻ മെഡിക്കൽ സയൻസസിനോട് (എൻബിഇഎംഎസ്) സുപ്രീംകോടതി ആവശ്യപ്പെട്ടു.
ചോദ്യങ്ങൾ പരസ്യപ്പെടുത്തുന്നത് പരീക്ഷയുടെ സുതാര്യതയെയും വിശ്വാസ്യതയെയും എങ്ങനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
പരീക്ഷ കഴിഞ്ഞയുടൻ ഒഎംആർ ഷീറ്റ്, ചോദ്യപേപ്പർ, ഉത്തരസൂചിക എന്നിവ ലോഗിൻ അക്കൗണ്ടിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണു സുപ്രീംകോടതി നടപടി.
നീറ്റ് പിജി പരീക്ഷയിലെ ചോദ്യശേഖരം വളരെ ചെറുതാണെന്നും എല്ലാ വർഷവും ചോദ്യങ്ങൾ പുറത്തുവിട്ടാൽ കുറച്ചു വർഷംകൊണ്ടു ചോദ്യശേഖരം തീർന്നുപോകുമെന്നും, എയിംസ് പോലുള്ള സ്ഥാപനങ്ങളും വിദേശരാജ്യങ്ങളും ഇത്തരം രീതിയാണ് പിന്തുടരുന്നതെന്നും എൻബിഇഎംഎസ് ചൂണ്ടിക്കാട്ടിയപ്പോൾ, മറ്റു രാജ്യങ്ങളിലെ രീതികൾ ഇന്ത്യ മാതൃകയാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.