ന്യൂഡൽഹി: “ജന്മദിനത്തിൽ പപ്പ പുഞ്ചിരിച്ചുകൊണ്ട് അഭിമാനത്തോടെ തന്റെ സുന്ദരിയായ സോണിയയെ നോക്കുന്നുണ്ടാവും. പ്രിയപ്പെട്ട അമ്മ, പപ്പ പോയ ദിവസം മുതൽ, ജീവിതം നിങ്ങൾക്കു നേരേ എറിഞ്ഞ എല്ലാറ്റിനെയും ധൈര്യത്തോടെയും അഭിമാനത്തോടെയും നേരിടുന്നതു കണ്ടിട്ടുണ്ട്.
പപ്പയ്ക്കു ശേഷമുള്ള നിങ്ങളുടെ ജീവിതം എത്ര ദുഷ്കരമായിരുന്നുവെന്നു പ്രിയങ്കയ്ക്കും എനിക്കും മാത്രമേ അറിയൂ’’- അമ്മ സോണിയ ഗാന്ധിയെക്കുറിച്ച് രാഹുൽ ഗാന്ധി കുറിച്ചു. സോണിയയുടെ ഓർമക്കുറിപ്പ് ‘ബിലോഗിംഗ്: എ ജേർണി ഓഫ് ലവ്’ പുറത്തിറങ്ങാനിരിക്കേയാണു രാഹുലിന്റെ വൈകാരിക കുറിപ്പ്. പുസ്തകത്തിന്റെ കവര്‍ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ സന്തോഷം രേഖപ്പെടുത്തിയത്.
പുസ്തകം നവംബര്‍ 10ന് പുറത്തിറങ്ങുമെന്ന് പ്രസാധകൻ ആൽഫ്രഡ് എ നോഫ് അറിയിച്ചു. “നിങ്ങളെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ നിങ്ങളുടെ കഥ വായിക്കാന്‍ പോകുന്നുയെന്നതില് സന്തോഷവും അഭിമാനവുമുണ്ട്.
സ്വകാര്യത ഇഷ്ടപ്പെടുന്ന ഒരാളായ നിങ്ങള്‍ക്ക്, നിങ്ങളുടെ മനോഹരമായ കഥ ലോകത്തോടു പറയുക എന്നത് എത്രത്തോളം പ്രയാസകരമായിരുന്നുവെന്ന് എനിക്കറിയാം. ഇന്ന്, അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, പപ്പ പുഞ്ചിരിച്ചുകൊണ്ട് തന്റെ പ്രിയപ്പെട്ട സോണിയയെ അഭിമാനത്തോടെ നോക്കുന്നത് എനിക്ക് കാണാം’’ രാഹുല്‍ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.