കൊല്ലം: കേരളത്തിലും തമിഴ്നാട്ടിലുമായി ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പരവൂർ സ്വദേശിയായ വേട്ട അഭിജിത്ത് എന്നറിയപ്പെടുന്നയാളാണ് കൊല്ലം റെയിൽവേ പോലീസിന്റെ പിടിയിലായത്.
മോഷണക്കേസിൽ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ശേഷം കവർച്ചാ പരമ്പരകൾ തുടരവേയാണ് പ്രതി കൊല്ലത്ത് പിടിയിലായത്. യാത്രക്കാരനെന്ന വ്യാജേന ടിക്കറ്റ് എടുത്ത് സഞ്ചരിച്ച് മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ പ്രധാന രീതി. യാത്രക്കാരുടെ ലാപ്പ് ടോപ്പ് അടങ്ങിയ ബാഗുകൾ, മൊബൈൽ ഫോണുകൾ, സ്വർണാഭരണങ്ങൾ എന്നിവ കവരുന്നതായിരുന്നു പ്രതിയുടെ രീതി.
തമിഴ്നാട്ടിൽ മോഷണ കുറ്റത്തിന് പിടിയിലായ പ്രതി മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോകും വഴി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൊല്ലം റെയിൽവേ സ്റ്റേഷനും പരിസര പ്രദേശങ്ങളും താവളമാക്കി മോഷണ പരമ്പരകൾ നടത്തിവരികയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് റെയിൽവേ പോലീസും യാത്രക്കാരും സിഎം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ശാസ്താംകോട്ട പോലീസും ചേർന്ന് കീഴ്പ്പെടുത്തിയത്.
പ്രതിയെ പിടികൂടുന്നതിനിടെ റെയിൽവേ പോലീസുകാരായ അരുൺദേവിനും രാജേഷ് കുമാറിനും പരിക്കേറ്റു. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗിൽനിന്നു മോഷണമുതലായ 65500 രൂപ, ഒരു ലാപ്പ് ടോപ്പ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.