പാലാ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ളാലം പഴയ പള്ളിയില്‍ നിത്യസഹായമാതാവിന്റെ നൊവേനത്തിരുനാള്‍ 13 മുതല്‍ 22 വരെ ആഘോഷിക്കും. 13നു വൈകുന്നേരം 4.30ന് വികാരി ഫാ. ജോസഫ് തടത്തില്‍ കൊടിയേറ്റും. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.30, 7.00, 9.30, വൈകുന്നേരം 4.30, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും പുലര്‍ച്ചെ 4.30ന് ദിവ്യകാരുണ്യ ആരാധനയും ജപമാലയും വൈകുന്നേരം നാലിന് ജപമാലയും നടത്തും.
പ്രധാന തിരുനാള്‍ ദിനമായ 22നു പുലര്‍ച്ചെ 4.15 മുതല്‍ ദൈവമാതാവിന്റെ തിരുസ്വരൂപത്തിങ്കല്‍ പൂച്ചെണ്ട് സമര്‍പ്പിക്കുന്നതിന് അവസരമുണ്ട്. രാവിലെ 5.30, 7.00, 9.30 - വിശുദ്ധ കുര്‍ബാന, നൊവേന. ഉച്ചകഴിഞ്ഞ് 3.45ന് പ്രസുദേന്തിവാഴ്ച, നാലിന് വിശുദ്ധ കുര്‍ബാന, സന്ദേശം. തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്, നൊവേന, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്നേഹവിരുന്ന്.
പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥ്യം വഴി ലഭിച്ച ദൈവാനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് മുത്തുക്കുടകള്‍ സമര്‍പ്പിക്കുന്നതിനു തിരുനാള്‍ ദിവസങ്ങളില്‍ അവസരമുണ്ടായിരിക്കും.
തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോസഫ് തടത്തില്‍, സഹവികാരിമാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, ഫാ. പോള്‍ കുന്നുംപുറത്ത്, ഫാ. കുര്യാക്കോസ് കൂട്ടുങ്കല്‍ എന്നിവര്‍ കാർമികത്വം വഹിക്കും.
കിഴപറയാര് പള്ളിയില്‍
കിഴപറയാര്: സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാളിന് ഇന്നു തുടക്കമാവും. രാവിലെ 6.30ന് കൊടിമര വെഞ്ചരിപ്പും കൊടിയേറ്റും മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന. 21 വരെ എല്ലാ ദിവസവും രാവിലെ 6.15നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്.
വെള്ളറ സിഎസ്ഐ പള്ളിയിൽ
പ്ലാറ്റിനം ജൂബിലി പെരുന്നാൾ
വെള്ളറ: സെന്റ് ജയിംസ് സിഎസ്ഐ പള്ളിയിൽ സഭാ പ്ലാറ്റിനം ജൂബിലി പെരുന്നാൾ 14, 15 തീയതികളിൽ ആഘോഷിക്കും. 1951ൽ സ്ഥാപിതമായ സഭയുടെ 75 വർഷത്തെ വിശ്വാസപാരമ്പര്യത്തിന്റെയും ആത്മീയ ശുശ്രൂഷകളുടെയും സേവനപ്രവർത്തനങ്ങളുടെയും സ്മരണ പുതുക്കിയാണ് രണ്ടു ദിവസത്തെ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
സിഎസ്ഐ സഭ മോഡറേറ്ററും ഈസ്റ്റ് കേരള മഹായിടവക ബിഷപ്പുമായ റവ. വി.എസ്. ഫ്രാൻസിസ്, ബിഷപ് റവ. ഡോ. കെ.ജി. ദാനിയേൽ എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ക്ലർജി സെക്രട്ടറി റവ. ടി.ജെ. ബിജോയ്, ട്രഷറർ റവ. ഓക്സിൻ ജോൺ, അല്മായ സെക്രട്ടറി അഡ്വ. ഡി.എൻ. സാംകുട്ടി, രജിസ്ട്രാർ സജി തടത്തിൽ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ. എ.ടി. ജോൺ, ബിഷപ്സ് സെക്രട്ടറി റവ. പി.സി. മാത്യുക്കുട്ടി തുടങ്ങിയവർ വിശിഷ്ടാതിഥികളായെത്തും.
14നു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, ആറിന് വിശുദ്ധാരാധന, 7.15ന് ആകാശവിസ്മയം, 7.30ന് സഭാംഗങ്ങളുടെ കലാപരിപാടികൾ, രാത്രി 8.30ന് കഥാപ്രസംഗം, ഒന്‍പതിന് കരോക്കെ ഗാനമേളയും നൃത്തപരിപാടികളും. 15നു രാവിലെ ഏഴിന് സാധാരണ നമസ്കരണവും 9.30ന് ബിഷപ്പുമാർക്ക് സ്വീകരണവും നൽകും. പത്തിന് ഘോഷയാത്രയും 10.30ന് വിശുദ്ധ സംസർഗ ശുശ്രൂഷയും. ഉച്ചയ്ക്ക് 12.30ന് ലേലവും ഒന്നിന് സ്നേഹവിരുന്നും. വൈകുന്നേരം 4.30ന് ഘോഷയാത്ര, 6.30ന് റവ. ടി.ജെ. ബിജോയിയുടെ നേതൃത്വത്തിൽ വിശുദ്ധാരാധന. രാത്രി എട്ടിന് ആകാശ വിസ്മയം, 8.30ന് ഗാനമേള.
വികാരി റവ. രാജ് ജി. ഇമ്മാനുവൽ, ജൂബിലി കൺവീനർ പി.എസ്. ചാർളി, സെക്രട്ടറി പ്രിൻസ് ജോസ്, ബ്രദർ വി.ടി. ജസ്റ്റിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.