വാഷിംഗ്ടൺ ഡിസി: സൗദി അറേബ്യയിൽ സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവോർജ നിലയങ്ങൾക്കു സ്വന്തമായി യൂറേനിയം സമ്പുഷ്ടീകരിക്കാൻ വഴിതുറക്കുന്ന ചരിത്രപരമായ ആണവ കരാറിന് അംഗീകാരം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
2008 മുതൽ യുഎസും സൗദിയും തമ്മിൽ നടന്നുവരുന്ന ആണവ സഹകരണ ചർച്ചകളുടെ തുടർച്ചയായാണ് ഈ പ്രഖ്യാപനം. 30 വർഷത്തെ കാലാവധിയുള്ള ഈ കരാറിലൂടെ അമേരിക്കൻ കമ്പനികൾ സാങ്കേതികവിദ്യയും മേൽനോട്ടവും നൽകി സൗദിയിലെ ആണവ പദ്ധതിക്ക് പിന്തുണ നൽകും.
യുറേനിയം സമ്പുഷ്ടീകരണം ആരംഭിക്കുന്നതിനുമുന്നോടിയായി, ഇത് ആവശ്യമാണോയെന്നും വാണിജ്യപരമായി ലാഭകരമാണോയെന്നും യുഎസ്-സൗദി സംയുക്ത സംഘം പരിശോധിക്കും.
നിർണായക സാങ്കേതികവിദ്യകൾ നേരിട്ടു കൈമാറാതെ, അമേരിക്കൻ കമ്പനികളുടെ നിയന്ത്രണത്തിലാകും സമ്പുഷ്ടീകരണ പ്ലാന്റ് സൗദിയിൽ നിർമിക്കുക. അടുത്ത പത്തു വർഷത്തേക്ക് സൗദി അറേബ്യ സ്വന്തമായി സമ്പുഷ്ടീകരണ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതോ മറ്റു രാജ്യങ്ങളിൽനിന്ന് വാങ്ങുന്നതോ കരാർ വിലക്കുന്നു. കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷം അനുമതിക്കായി യുഎസ് കോൺഗ്രസിനുമുന്പിൽ സമർപ്പിക്കും.
യൂറേനിയം സമ്പുഷ്ടീകരിക്കാനുള്ള ശേഷി ഭാവിയിൽ ആണവായുധ നിർമാണത്തിലേക്കു നയിച്ചേക്കാമെന്നതിനാൽ ഈ നീക്കം അമേരിക്കയ്ക്കുള്ളിലും മധ്യപൂർവേഷ്യൻ മേഖലയിലും ചർച്ചകൾക്കു വഴിവച്ചിട്ടുണ്ട്. സൗദി അറേബ്യ ആണവ സാങ്കേതികവിദ്യ കൈവരിക്കുന്നതിൽ മേഖലയിലെ പ്രധാന സഖ്യകക്ഷിയായ ഇസ്രയേൽ ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു.
മേഖലയിലെ സൗദിയുടെ പ്രധാന എതിരാളിയായ ഇറാൻ നിലവിൽ യുറേനിയം സമ്പുഷ്ടീകരിച്ചു ശേഖരിക്കുന്നുണ്ട്. ഇറാൻ ആണവായുധം വികസിപ്പിച്ചാൽ സൗദിയും ആ വഴി സ്വീകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുന്പ് വ്യക്തമാക്കിയിരുന്നു.