ന്യൂഡൽഹി: മനുഷ്യാവകാശ കമ്മീഷനുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു ഭിന്ന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. രാജ്യത്തെ മുസ്ലിംകൾക്കെതിരായ ആക്രമണങ്ങളിലും ആൾക്കൂട്ട കൊലപാതകങ്ങളിലും സ്വമേധയാ കേസെടുക്കുന്നതിൽ മനുഷ്യാവകാശ കമ്മീഷനുകൾ പരാജയപ്പെട്ടുവെന്ന് ജസ്റ്റീസ് അതുൽ ശ്രീധരൻ നിരീക്ഷിച്ചപ്പോൾ അത്തരം പൊതുവായ നിരീക്ഷണങ്ങളോടു താൻ യോജിക്കുന്നില്ലെന്ന് ജസ്റ്റീസ് വിവേക് സരണ്‍ വ്യക്തമാക്കി.
മദ്രസകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) പുറപ്പെടുവിച്ച ചില ഉത്തരവുകൾക്കെതിരേ ടീച്ചേഴ്സ് അസോസിയേഷൻ മദാരിസ് അറേബ്യ സമർപ്പിച്ച ഹർജിയിലാണു വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയ ഇടക്കാല ഉത്തരവുണ്ടായത്.
മദ്രസകൾക്കെതിരേ അന്വേഷണത്തിന് ഉത്തരവിടാനുള്ള മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്ത ജസ്റ്റീസ് അതുൽ ശ്രീധരൻ കമ്മീഷൻ അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പറഞ്ഞു.
മുസ്ലിം സമുദായത്തിൽപ്പെട്ടവർ ആക്രമിക്കപ്പെടുന്പോഴോ നിയമം കൈയിലെടുക്കുന്നവർ സാധാരണക്കാരെ ഉപദ്രവിക്കുന്പോഴോ കമ്മീഷൻ സ്വമേധയാ ഇടപെടുന്നതായി കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മതാതീതമായ സൗഹൃദങ്ങളുടെ പേരിൽ ആളുകൾ പീഡിപ്പിക്കപ്പെടുന്പോഴോ പൊതുസ്ഥലത്ത് ഒരുമിച്ചു കാപ്പി കുടിക്കുന്നതുപോലും ഭയക്കേണ്ടിവരുന്പോഴോ ഇടപെടാത്ത കമ്മീഷൻ, ഹൈക്കോടതിയുടെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ അനാവശ്യമായി ഇടപെടുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
വികസനപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം കമ്മീഷൻ അതിന്റെ യഥാർഥ ഉത്തരവാദിത്വങ്ങളിൽനിന്ന് വ്യതിചലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ജസ്റ്റീസ് ശ്രീധരന്റെ ഈ നിരീക്ഷണങ്ങളോട് പൂർണമായും വിയോജിച്ച ജസ്റ്റീസ് വിവേക് സരണ്‍ കേസിൽ മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചു.
മനുഷ്യാവകാശ കമ്മീഷന്റെ പങ്കിനെക്കുറിച്ചോ കേസിലെ ഗുണദോഷങ്ങളെക്കുറിച്ചോ ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്പോൾ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും ഭാഗം കേൾക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കക്ഷികളുടെ അഭാവത്തിൽ കമ്മീഷനെതിരേ ഇത്തരത്തിലുള്ള കടുത്ത നിരീക്ഷണങ്ങൾ നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.