National
ഭോപ്പാൽ: മധ്യപ്രദേശിലെ ബിജെപി എംഎൽഎയ്ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷൻ. പിച്ചോറിൽ നിന്നുള്ള എംഎൽഎ പ്രീതം ലോധിക്കെതിരെയാണ് സംഘടന രംഗത്തെത്തിയത്.
കരേര എസ്ഡിഒപി ഡോ. ആയുഷ് ജാക്കറിനെതിരെ ലോധി നടത്തിയ പരാമർശമാണ് വിവാദമായത്. "കരേര നിങ്ങളുടെ പിതാവിന്റേതല്ല' എന്നായിരുന്നു പ്രീതം ലോധിയുടെ പരാമർശം.
എംഎൽഎ നടത്തിയ പരാമർശം അപമാനകരവും ആഴത്തിൽ കുറ്റകരവുമാണെന്ന് എഡിജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ചഞ്ചൽ ശേഖർ പ്രതികരിച്ചു. ഉദ്യോഗസ്ഥന്റെ കുടുംബത്തെ പോലും ആക്രമണത്തിലേക്ക് വലിച്ചിഴച്ചു. ഇത്തരം പെരുമാറ്റം ജനാധിപത്യ സ്ഥാപനങ്ങളുടെ അന്തസിനെ ലംഘിക്കുന്നതാണെന്നും അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുന്നതാണെന്നും അസോസിയേഷൻ പറഞ്ഞു.
ഈ ഭാഷ പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെയും നിഷ്പക്ഷതയെയും ദുർബലപ്പെടുത്തുകയും ഭരണപരമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ജനപ്രതിനിധികൾ സംയമനം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേനയിൽ ചന്പൽ നദിയിൽ നിന്ന് അനധികൃത മണൽ ഖനനം തടയാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരനെ ട്രാക്ടർ കയറ്റി കൊന്നു. ഹര്‍കേഷ് ഗുര്‍ജർ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
നിയമവിരുദ്ധമായി മണൽ കയറ്റിയ ട്രാക്ടർ ട്രോളി ഹൈവേയിലൂടെ വരുന്നത് കണ്ട ഹർകേഷ് തടയാനായി മുന്നോട് നീങ്ങി. എന്നാൽ വാഹനം നിർത്താതെ ഡ്രൈവർ ഹർകേഷിന്റെ നേരെ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിന് ശേഷം ഡ്രൈവർ വാഹനവുമായി രക്ഷപ്പെട്ടു.
ഹർകേഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായുള്ള അന്വേഷണം നടന്നുവരികയാണ്.
National
ഭുവനേശ്വർ: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ കാണാതായതായി പരാതി. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ കേസ്പൂർ സ്വദേശിയായ സർത്തക് മഹാപത്രയെയാണ് കാണാതായത്. ഫെബ്രുവരി മൂന്നിന് മൗറീഷ്യസിനടുത്ത് കപ്പലിൽ ഡ്യൂട്ടിയിലിരിക്കെ കാണാതായെന്നാണ് വിവരം.
2025 ജൂലൈ മുതൽ ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്ന് സിങ്കപ്പൂർ വഴി ചൈനയിലേക്ക് മടങ്ങുകയായിരുന്നു കപ്പൽ എന്നാണ് സർത്തകിന്റെ അമ്മ രശ്മിത മൊഹാപത്ര പറയുന്നത്.
പ്രശ്നത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും അമ്മ രശ്മിത പറഞ്ഞു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ്, വിദേശകാര്യ മന്ത്രാലയം ടാഗ് ചെയ്തുകൊണ്ടാണ് എക്സിൽ ഇവർ കുറിപ്പ് പങ്കുവച്ചത്. സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും കപ്പലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: എറണാകുളത്ത് ലഹരിക്കടത്തിന് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കാലടി സ്റ്റേഷനിലെ സിപിഒ സുബീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സുബീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
സെപ്റ്റംബറിൽ സുബീറിന്റെ ബന്ധുവിന്റെ മുറിയില്‍ നിന്ന് 66 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുബീറിന്റെ പങ്ക് കണ്ടെത്തിയത്. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.
കുന്നത്തുനാട് എക്സൈസും എന്‍സിബിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടിച്ചെടുത്തത്. പെരുമ്പാവൂരിലെ ഭായ് കോളനിയിലുളള സുബീറിന്റെ ബന്ധുവീട്ടില്‍ നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി. ഇതോടെയാണ് സുബീര്‍ സസ്പെന്‍ഷനിലായത്.
Kerala
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസറായ കെ.കെ. ജയനാണ് മരിച്ചത്.
സന്നിധാനം വടക്കേ നടയുടെ ഭാഗത്ത് ജോലി നോക്കി വന്നിരുന്ന ഇദ്ദേഹത്തെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സന്നിധാനം ആശുപത്രിയിൽ ആദ്യം എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയശേഷം പമ്പയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാൽ, രാത്രി ഒന്നോടെ മരിച്ചു. കോതമംഗലം കുട്ടമ്പുഴ സ്വദേശിയാണ് ജയൻ.
Kerala
വയനാട്: പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇബ്രാഹിം കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
National
ബംഗളൂരു: കർണാടകയിലെ കൽബുർഗിയിലുണ്ടായ വാഹനാപകടത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ മരിച്ചു. കർണാടക സ്റ്റേറ്റ് മിനറൽസ് കോർപറേഷൻ എംഡി മഹാന്തേഷ് ബിലാഗിയും സഹോദനും അവരുടെ ബന്ധുവും ആണ് മരിച്ചത്.
കലബുർഗി ജില്ലയിലെ ജിവാർഗി താലുക്കിലുള്ള ഗൗനാലിയിലാണ് അപകടമുണ്ടായത്. മഹാന്തേഷും ബന്ധുക്കളും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ തലകീഴായി മറിയുകയായിരുന്നു. നായ കുറുകെ ചാടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
രാംദുർഗിൽ നിന്ന് കൽബുർഗിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഒരു കല്ല്യാണത്തിന് പോകുകയായിരുന്നു ബിലാഗിയും ബന്ധുകളും.
National
റാഞ്ചി: കാമുകിക്കൊപ്പം കണ്ട സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട് ഭാര്യ. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് സംഭവം.
മഴിയവാൻ സർക്കിൾ ഓഫീസർ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഭാര്യ ഡോ. ശ്യാമ റാണി പൂട്ടിയിട്ടത്. തന്നെ തുറന്നുവിടണമെന്ന് വീടിനുള്ളിൽ നിന്ന് ഉദ്യോഗസ്ഥൻ ഭാര്യയോട് അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ശ്യാമയ്ക്ക് നേരത്തെ സംശയമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് നവംബർ ഒന്നിന് പുലർച്ചെ നാലരയോടെ ശ്യാമ റാണി ക്വാർട്ടേഴ്സിലെത്തിയത്. അപ്പോഴാണ് മറ്റൊരു യുവതിക്കൊപ്പം ഇയാളെ കണ്ടെത്തുന്നത്.
പിന്നാലെ ബഹളമായി. പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് മഴിയവാൻ പോലീസ് സ്ഥലത്തെത്തി. ഇതിനിടെ പ്രമോദ് മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിസാര പരിക്കേറ്റു.
വീടിനുള്ളിൽ കണ്ടെത്തിയ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവിറെ ഈ ബന്ധത്തെക്കുറിച്ച് വളരെക്കാലമായി തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് ശ്യാമ റാണി മാധ്യമങ്ങളോട് പറഞ്ഞു. നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.