കൊച്ചി: 20 ലക്ഷം ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം കൈവരിച്ചു കേരള പൊലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ്. ലോകത്ത്, പോലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജുകളില്‍ രണ്ടു ദശലക്ഷം ഫോളോവേഴ്സ് എന്ന റിക്കാര്‍ഡ് നേടുന്ന ആദ്യ ഇന്‍സ്റ്റഗ്രാം പേജെന്ന നേട്ടമാണു കേരള പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിനു നിലവില്‍ 2.3 ദശലക്ഷം ഫോളോവേഴ്സുണ്ട്.
ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുക, സുരക്ഷാ സന്ദേശങ്ങള്‍ അതിവേഗം ജനങ്ങളിലെത്തിക്കുക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു കേരള പൊലീസ് സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചുവരുന്നത്.
സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകിന്റെ മേല്‍നോട്ടത്തില്‍ സോഷ്യല്‍ മീഡിയ സെല്ലിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബി.ടി. അരുണ്‍, ഹവില്‍ദാര്‍ സി. നിധീഷ് എന്നിവരാണു പോലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.