പത്തനംതിട്ട: ജില്ലാ പൊലിസിനും ഡോഗ് സ്ക്വാഡിനും അഭിമാനമായിരുന്ന പോലീസ് നായ സാമന്ത ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിച്ചു. പത്തനംതിട്ട ജില്ലാ പൊലിസ് ആസ്ഥാനത്ത് നടന്ന വിരമിക്കൽ ചടങ്ങിൽ ജില്ലാ പൊലിസ് മേധാവി ആർ. ആനന്ദ് മുഖ്യാതിഥിയായിരുന്നു. സാമന്തയ്ക്ക് ജില്ലാ പോലീസ് മേധാവി ഹാരമണിയിച്ചും സല്യൂട്ട് നൽകിയും അഭിവാദ്യം അർപ്പിച്ചു.
ചടങ്ങിൽ അഡീ. ജില്ലാ പൊലിസ് സൂപ്രണ്ട് ആർ. ജയരാജ്, റിസർവ് ഇൻസ്പെക്ടർ ബിജുലാൽ എന്നിവരും നിരവധി പൊലിസ് ഉദ്യോഗസ്ഥരും ജില്ലാ ഡോഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയായ സാമന്ത ഡോഗ് സ്ക്വാഡിൽ നർക്കോട്ടിക് സ്നിഫർ വിഭാഗത്തിലാണ് പ്രവർത്തിച്ചിരുന്നത്. 10 വർഷത്തിലധികമായി സേനയിൽ സേവനം ചെയ്യുന്ന സാമന്ത 350 ൽ അധികം കേസുകളുടെ അന്വേഷണത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
സേനയിൽ നിന്ന് വിരമിക്കുന്ന സാമന്തയെ ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ച നിലവിലെ ഹാൻഡ്ലർ ജോർജ് ആന്റണിക്ക് നായയെ കൈമാറി.