വിടി-ഇഎഫ് ഇന്ത്യന്‍ രജിസ്ട്രേഷനോടെ, ജെറ്റ് എയര്‍വെയ്സിന്റെ ലിവെറിയും ലോഗോയും പെയിന്റു ചെയ്ത്, അമേരിക്കയിലെ വാഷിംഗ്ടണിലുള്ള എവെറിറ്റ് ഫാക്ടറിയില്‍നിന്ന് പുറത്തിറക്കിയ പുതുപുത്തന്‍ ബോയിംഗ് 777 -300 ഇആര്‍ വിമാനം മുംബൈയിലേക്കു പറന്നത് 2007 സെപ്റ്റംബര്‍ 27ന് ആയിരുന്നു. ജെറ്റ് എയര്‍വെയ്സ് എന്ന ഇന്ത്യയില അക്കാലത്തെ ഏറ്റവും വലിയ ഇന്ത്യൻ സ്വകാര്യ വിമാനക്കമ്പനിയുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലുള്ള വളര്‍ച്ചയുടെ പ്രതീകമായി മുംബൈ വിമാനത്താവളത്തില്‍ പിറ്റേന്ന് പറന്നിറങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് ഈ വിമാനം പറന്നുയരുമ്പോള്‍ ശോക പര്യവസായിയായ ഒരു വ്യോമയാന കഥയുടെ പതിനെട്ടു കൊല്ലവും പത്തു മാസവും ആറു ദിവസവും നീണ്ട അധ്യായത്തിന് തിരശീല വീഴുകയായിരുന്നു.
പറന്നുതുടങ്ങി 26 കൊല്ലം കഴിയുമ്പോള്‍, സാമ്പത്തിക തകര്‍ച്ചമൂലം 2019 ഏപ്രില്‍ 27ന് എല്ലാ വിമാനങ്ങളും നിലത്തിറക്കിയ ജെറ്റ് എയര്‍വെയ്സിനെ പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഇതോടെ, മാള്‍ട്ടയിലെ ചാലഞ്ച് ഗ്രൂപ്പ് ലേലത്തിനു വാങ്ങിയ അഞ്ചു വിമാനങ്ങളില്‍ ആദ്യത്തേതായിരുന്നു, ചരക്കു വിമാനമാക്കി മാറ്റാനുള്ള പണികള്‍ക്കായി ടെല്‍ അവീവില്‍ എത്തിക്കാന്‍ ഓഗസ്റ്റ് മൂന്നിനു വൈകുന്നേരം ആറരയ്ക്ക് മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്.
2007 മുതല്‍ രണ്ടു കൊല്ലം വിടി-ജെഇഎഫ് രജിസ്ട്രേഷനോടെ പറന്നിരുന്ന ഈ ബോയിംഗ് വിമാനം ടര്‍ക്കിഷ് എയര്‍ലൈനിന് രണ്ടു വര്‍ഷത്തേക്കു ടിസി-ജെജെബി രജിസ്ട്രേഷനോടെ പാട്ടത്തിനു കൊടുത്തു. 2011ല്‍ തിരികെ വാങ്ങിയശേഷം രജിസ്ട്രേഷന് വിടി-ജെഇഎം എന്നാക്കി മാറ്റിയിരുന്നു. മുംബൈ വിമാനത്താവളത്തില്‍ 2019 മുതല്‍ പാര്‍ക്കു ചെയ്തിരുന്ന വിടി-ജെഇഎമ്മിനു പുറമേ, വിടി- ജെഇഎസ്, വിടി-ജെഇവി വിമാനങ്ങളും ചാലഞ്ചര്‍ ഗ്രൂപ്പിന്റെ എയ്സ് ഏവിയേഷന്‍ ലേലത്തിനു വച്ചിട്ടുണ്ട്. പന്ത്രണ്ടു രാജ്യാന്തര റൂട്ടുകളില്‍ യാത്രക്കാരുമായി പറന്ന മൂന്നു വിമാനങ്ങളില്‍, ചരക്കു വിമാനമായി ആദ്യം മാറ്റിയെടുക്കാനുള്ള നറുക്കുവീണത് വിടി-ജെഇഎമ്മിനായിരുന്നു എന്നു മാത്രം.
കടത്തിനുമേല്‍ കടംകയറി നില്‍ക്കക്കള്ളിയില്ലാതെ 2019ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കിയ ജെറ്റ് എയര്‍വെയ്സിന് ബാക്കിയുണ്ടായിരുന്ന അഞ്ച് ദീര്‍ഘദൂര, ബോയിംഗ് 777 ഇആര്‍ വിമാനങ്ങള്‍ ലേലത്തില്‍ വാങ്ങിയതില്‍ ആദ്യത്തെ മൂന്നു വിമാനങ്ങളാണ് ഇവ. ആദ്യത്തെ മൂന്നെണ്ണം കഴിഞ്ഞാല്‍ ബാക്കി രണ്ടും ടെല്‍ അവീവിലേക്കുതന്നെ ചരക്കുവിമാനമായി പരിവര്‍ത്തനം ചെയ്യാന്‍ പോകുമെന്നാണ് കരുതുന്നത്.
ജെറ്റ് എയര്‍വെയ്സിന്റെ വന്‍ തകര്‍ച്ചാ ചരിത്രത്തിന്റെ അനുബന്ധംപോലെ, വെറും തുച്ഛവിലയ്ക്കാണ്, ഏഴു വര്‍ഷം അനക്കമില്ലാതെ പാര്‍ക്കു ചെയ്തിരുന്ന ഈ വിമാനങ്ങള്‍ എയ്സ്് എവിയേഷന്‍ വാങ്ങിയത്. ഇത്തരം പുതിയ മൂന്നു വിമാനങ്ങള്‍ ബോയിംഗിന്റെ പക്കല്‍നിന്നു വാങ്ങാന്‍ ഏകദേശം 10,288 കോടി രൂപ കൊടുത്തപ്പോള്‍, ജെറ്റ് എയര്‍വെയ്സ് വിമാനങ്ങള്‍ക്കു കിട്ടിയത് വെറും 438 കോടി രൂപ. ബാക്കിയുള്ള രണ്ടു 777 വിമാനങ്ങള്‍ ഇത്ര പഴക്കമില്ലാത്തവ ആയിരുന്നതിനാല്‍ അവയ്ക്ക് 581 കോടി രൂപ കിട്ടി. പുത്തന്റെ വില 6889 കോടി രൂപ.
ഇത്രയും നക്കാപ്പിച്ച വിലയ്ക്ക് വാങ്ങിയെടുത്തല്ലോ എന്ന് പറയാൻ പറ്റില്ല. കാരണം, ഏഴു കൊല്ലം പറക്കാതെ കിടന്ന വിമാനങ്ങള്‍ വീണ്ടും പറക്കാന്‍ പരുവത്തില്‍ ആക്കിയെടുക്കാന്‍ അനേകം കോടികള്‍ മുടക്കേണ്ടി വരും. എന്‍ജിനുകളും ഓക്സിലറി പവര്‍ യൂണിറ്റും പീറ്റോ ട്യൂബുകള്‍ തുടങ്ങിയ സെന്‍സറുകളും ലാന്‍ഡിംഗ് ഗിയറുകളുമെല്ലാം ദീര്‍ഘകാല നിദ്രയില്‍നിന്ന് ഉണര്‍ത്താന്‍ നല്ല പണിയുണ്ടാവും. ടയറുകള്‍ മാറ്റുന്നതുള്‍പ്പെടെ. രണ്ട് ജിഇ 90 എന്‍ജിനുകളും അതിസൂക്ഷ്മമായി പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തണം. ഓയില്‍, ലൂബ്രിക്കന്റുകള്‍ എല്ലാം മാറ്റണം, എന്ജിന് കംപ്രസറുകള്‍, ടര്‍ബൈനുകള്‍ എന്നിവയുടെ ബോറോസ്കോപ്പിക് പരിശോധന നടത്തണം.
നിലത്തു കിടക്കുമ്പോള്‍തന്നെ അനേകം തവണ എന്ജിന് വെറുതേ കറക്കി നോക്കുകയും സ്റ്റാര്‍ട്ടു ചെയ്ത് നോക്കുകയും വേണം. ചിറകുകളും വാലും വിമാനശരീരം മൊത്തവും ഇഞ്ചോടിഞ്ച് പരിശോധിക്കണം പ്രാണികളും കിളികളും കൂടുവച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ. തുരുമ്പു പിടിച്ചതും മഴ കൊണ്ടുകിടന്ന് ദ്രവിച്ചതുമായ ഭാഗങ്ങള്‍ അഴിച്ചുമാറ്റി പുതിയവ പിടിപ്പിക്കണം. ചിറകിലെ ടാങ്കുകള്‍ക്കുള്ളില്‍ കിടന്ന ഇന്ധനം ഏഴു കൊല്ലം കൊണ്ട് വറ്റാത്തതുണ്ടെങ്കില് ഒഴുക്കിക്കളഞ്ഞ് വൃത്തിയാക്കണം.
ഫ്യൂവല്‍ പമ്പുകള്‍, വാല്‍വുകള്‍ എല്ലാം കൃത്യമായി പരിശോധിക്കണം. പുതുതായി ഇന്ധനം നിറയ്ക്കുന്നതും ഏറെ ജാഗ്രതയോടെ ചെയ്യണം. വര്‍ഷങ്ങള്‍ വെറുതേ കിടന്നപ്പോള്‍ വറ്റിപ്പോയ ഹൈഡ്രോളിക് ദ്രാവകം വീണ്ടും നിറയ്ക്കണം. ലീക്കുണ്ടോ എന്നെല്ലാം നോക്കണം. ചിറകുകളിലെ ഇളകുന്ന ഘടകഭാഗങ്ങള്‍ ഓരോന്നായി ചലിപ്പിച്ച് വീണ്ടും വീണ്ടും നോക്കണം. ടയര്‍, ലാന്‍ഡിംഗ് ഗിയര്‍, ബ്രേക്കുകള്‍ എല്ലാം പ്രവര്‍ത്തന ക്ഷമമാണ് എന്നുറപ്പിക്കണം.
ഇലക്ട്രോണിക്, ഏവിയോണിക്സ് ഉപകരണങ്ങള്‍ ഒന്നൊഴിയാതെ എല്ലാം പുതിയ ബാറ്ററി ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിച്ചു നോക്കണം. വിമാനത്തിനുള്ളിലെ മര്‍ദക്രമീകരണം, എയര്‍കണ്ടീഷനിംഗ് തുടങ്ങിയവ യഥാവിധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മാസങ്ങളോളം പണിതാലും തീരാത്ത ഇത്തരം മുന്നൊരുക്കങ്ങള്‍ക്കു ശേഷമേ വിമാനം ടാര്മാർക്കില്നിന്ന് അനക്കാന്‍ പറ്റുകയുള്ളൂ എന്നറിയാവുന്നവര്‍ അതിന്റെ എല്ലാ ചെലവുകളും വകയിരുത്തിത്തന്നെയാവും വിമാനം ലേലത്തില്‍ പിടിക്കുക. ഇതു കൂടാതെയാണ്, ഡിജിസിഎയുടെ എല്ലാ സുരക്ഷാ അനുമതികളും സംഘടിപ്പിക്കുക എന്ന കടമ്പ.
ഇതിനൊക്കെ പുറമേ, അതിദുഷ്കരമായ ഒരു വിലപേശല്കൂടി കടന്നിട്ടാണ്, വിമാനം കഴിഞ്ഞ തിങ്കളാഴ്ച ടെല്‍ അവീവിന് പറന്നത്. ഏഴു കൊല്ലത്തെ പാര്‍ക്കിംഗ് കൂലി ഒരു പൈസപോലും കുറയാതെ വാങ്ങിയിട്ടേ വിമാനം അനക്കാന്‍ അനുവദിക്കൂ എന്നായിരുന്നു, മുംബൈ അദാനി വിമാനത്താവളം അധികൃതരുടെ നിലപാട്. ആയിരം കോടി രൂപയ്ക്കടുത്ത് പാര്‍ക്കിംഗ് ഫീ കുടിശിക അടച്ചതിനു ശേഷമാണ് വിമാനം പറന്നുയര്‍ന്നത്.
രാജ്യാന്തര റൂട്ടുകളില്‍ പറന്നിരുന്ന ബോയിംഗ് 777 വിമാനങ്ങള്‍ക്കുശേഷം ഇനി ജെറ്റ് എയര്‍വെയ്സിന്റെ പ്രാദേശിക സര്‍വീസുകള്‍ക്ക് ഉപയോഗിച്ചിരുന്ന ബോയിംഗ് 737 വിമാനങ്ങളില്‍ മൂന്നെണ്ണംകൂടി കഴിഞ്ഞ മാസം 18ന് ഓണ്‍ലൈന്‍ ലേലത്തിനു വച്ചിരുന്നു.
വിടി- ജെബിഎല്‍ രജിസ്ട്രേഷനുള്ള ബോയിംഗ് 737-800 വിമാനവും വിടി- ജെബിജി രജിസ്ട്രേഷനുള്ള ബോയിംഗ് 737-800 വിമാനവും വിടി-ജെജിഡി രജിസ്ട്രേഷനുള്ള ബോയിംഗ് 737-900 വിമാനവും. അവ ആരെങ്കിലും വാങ്ങിയോ എന്ന് ഇപ്പോഴും വ്യക്തമല്ല. 165 കോടി രൂപയായിരുന്നു ലേലത്തിന് മൂന്നിന്റെയുംകൂടി റിസര്‍വ് പ്രൈസ്. ഒരു പുതിയ ബോയിംഗ് 737-900 വിമാനത്തിനുതന്നെ 1019 കോടി രൂപ വില വരും എന്നോര്‍ക്കുക.