തിരുവനന്തപുരം: ഓം പ്രകാശ് മാഥുർ നാളെ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12നും 12.30നുമിടയിൽ ലോക് ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെൻ സെൻ നിയുക്ത ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥുർ, രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലെ ബേദൽ ഗ്രാമത്തിലാണ് ജനിച്ചത്. രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ അദ്ദേഹം ആർഎസ്എസ് പ്രചാരകനായാണ് പൊതുജീവിതത്തിൽ പ്രവേശിച്ചത്. ബിജെപിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചു. തമിഴ്നാട്ടിലേക്കു സ്ഥലംമാറ്റപ്പെട്ട രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റെ പിൻഗാമിയായാണ് മാഥുർ കേരളത്തിന്റെ 29-ാമത് ഗവർണറാകുന്നത്.