കൊല്ലം: കോര്‍പറേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം പരിപാടി "ഓണാരവം' ഇന്നുമുതല്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളോടെ നടക്കും. സി. കേശവന് മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ 20ന് വൈകിട്ട് 3.30-ന് മന്ത്രി കെ.എം. ഷാജി ഓണാരവം ഉദ്ഘാടനം ചെയ്യും.
മേയര്‍ എ.കെ. ഹഫീസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ബിന്ദുകൃഷ്ണ, പി.സി. വിഷ്ണുനാഥ്, എന്‍.കെ. പ്രേമചന്ദ്രന് എംപി, വിഷ്ണു മോഹന്‍ എംഎല്‍എ, കോര്പ്പറേഷന് ചെയര്പേഴ്സണ്മാര്, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
21ന് കോര്പറേഷന് ഓഫിസില്‍ നടക്കുന്ന ഓണാഘോഷത്തില്‍ കൗണ്‍സിലര്‍മാരുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.
22ന് വൈകിട്ടു നാലിന് ആശ്രാമം ലിങ്ക് റോഡില്‍നിന്നു സി. കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളിലേക്കു നടക്കുന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ വിവിധ കലാരൂപങ്ങള്‍, തൃശൂര്‍ പുലികളി, ശിങ്കാരിമേളം, കുമ്മാട്ടിക്കളി, വാദ്യമേളം, നിശ്ചലദൃശ്യങ്ങള്‍, ഫ്ലോട്ടുകള്‍, കോളജ്-സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ അണിനിരക്കും.
എല്ലാ ദിവസവും കൊല്ലം ബീച്ചില്‍ ഗാനമേള അടക്കമുള്ള വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
30ന് ബീച്ചില്‍ വൈകിട്ട് ഏഴിന് ആലപ്പുഴ ഇഫ്റ്റ അവതരിപ്പിക്കുന്ന 'നാട്ടരങ്ങ്' എന്ന പരിപാടിയോടെ ഓണാഘോഷം സമാപിക്കും.