സുല്‍ത്താന്‍ബത്തേരി: വയനാടിനോടുചേര്ന്ന് കര്‍ണാടകയിലും തമിഴ്നാട്ടിലുമുള്ള പ്രദേശങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമായത് ഓണവിപണിയെ ബാധിക്കുമെന്ന് ആശങ്ക.
കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികളും പൂക്കളും എത്തുന്ന ഗുണ്ടല്‍പേട്ട ഉള്പ്പെടെസ്ഥലങ്ങളില് മഴയുടെ ലഭ്യത കുറഞ്ഞത് പച്ചക്കറി, പൂ കൃഷികളെ പ്രതിസന്ധിയിലാക്കി. ഓണം മുന്നില്‍ക്കണ്ട് പച്ചക്കറി കൃഷിയിറക്കിയ കര്‍ഷകര്‍ ആകുലതയിലാണ്.
മഴ ലഭിക്കാത്തതിനാല്‍ പലേടത്തും ചെടികള്‍ ഉണങ്ങിത്തുടങ്ങി. സാധാരണ ജൂലൈ രണ്ടാം പകുതിയില്‍ പച്ചപ്പണിയുന്ന കൃഷിയിടങ്ങളില്‍ ഇക്കുറി ശുഭകരമായ കാഴ്ചയല്ല.
ഗുണ്ടല്‍പേട്ട മേഖലയിലെ പല ഗ്രാമങ്ങളിലും പതിവ് പച്ചക്കറിത്തോട്ടങ്ങള്‍ കാണാനില്ല. മഴയുടെ കുറവുമൂലം കൃഷിയിറക്കാന്‍ കഴിയാതിരുന്നതും ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്മാത്രമായി കൃഷി പരിമിതപ്പെടുത്തിയതുമാണ് ഇതിന് കാരണം. ഓണക്കാലത്തേക്കുള്ള പൂക്കളുടെ ഉത്പാദനം ഇത്തവണ കുറയുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. നല്ല മഴ ലഭിച്ചാല്‍ മാത്രമേ സൂര്യകാന്തി ഉള്‍പ്പെടെ പൂച്ചെടികള്‍ മികച്ച രീതിയില്‍ കൃഷി ചെയ്യാനാകൂ. പ്രതികൂല കാലാവസ്ഥയില്‍ പല കര്‍ഷകരും സൂര്യകാന്തി കൃഷി ഉപേക്ഷിച്ചു.
പെയിന്റ് കമ്പനികളും സഹകരണ സംഘങ്ങളും നല്കുന്ന ആനുകൂല്യങ്ങള്‍ കണക്കിലെടുത്താണ് കുറച്ചുപേര്‍ പൂക്കൃഷി ചെയ്യുന്നത്. നിലവില്‍ കിലോഗ്രാമിന് 15 രൂപ നിരക്കിലാണ് കമ്പനികളും സഹകരണ സംഘങ്ങളും പൂക്കള്‍ ശേഖരിക്കുന്നത്. രോഗ-കീട ബാധകളും പച്ചക്കറിക്കൃഷിയെ ബാധിക്കുന്നുണ്ട്. പലസ്ഥലങ്ങളിലും കൃഷി നശിക്കുന്ന സാഹചര്യമുണ്ടായി. ഉത്പാദനം കുറയുകയും ആവശ്യകത വര്‍ധിക്കുകയും ചെയ്താല്‍ ഓണ വിപണിയില്‍ പച്ചക്കറികള്‍ക്കും പൂക്കള്‍ക്കും വിലിയ വിലക്കയറ്റം ഉണ്ടാകുമെന്നാണ് വ്യാപാരികളും കര്‍ഷകരും പറയുന്നത്.