തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല വിപണിയിൽ റിക്കാർഡ് നേട്ടവുമായി സപ്ലൈകോ. കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്ന് മുതലുള്ള വിറ്റുവരവ് മാത്രം 320 കോടി രൂപയാണ്.
കഴിഞ്ഞ വർഷം ഓണം സീസണിൽ 35 ദിവസം കൊണ്ട് 385 കോടി രൂപയുടെ വിൽപന നടന്ന സ്ഥാനത്താണ് ഇത്തവണ 33 ദിവസം കൊണ്ട് ഈ വലിയ നേട്ടം കൈവരിച്ചത്.തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽ നിന്ന് മാത്രം 4.65 കോടി രൂപയുടെ വിൽപന നടന്നു.
തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്ന് മാത്രം 81 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി.ഓണം പ്രമാണിച്ച് ഉത്രാട ദിനമായ ഓഗസ്റ്റ് 25-നും സപ്ലൈകോ വിൽപനശാലകളും ഓണം ഫെയറുകളും തുറന്നു പ്രവർത്തിക്കും. വിലക്കുറവും വിപണിയിലെ കാര്യക്ഷമമായ ഇടപെടലുമാണ് സപ്ലൈകോ കേന്ദ്രങ്ങളിലേക്ക് വൻ ജനത്തിരക്ക് ആകർഷിക്കാൻ കാരണമായത്.