=കോടഞ്ചേരി: തുഷാരഗിരി-ചിപ്പിലിത്തോട് റോഡിൽ താഴെപാലത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ചിപ്പിലിത്തോട് പുളിക്കൽ സെബാസ്റ്റ്യനാണ് (68) മരിച്ചത്. അപകടത്തിൽ സെബാസ്റ്റ്യന്റെ ഭാര്യ വത്സമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് സംഭവം.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റോഡരികിൽ വാഹനം പാർക്ക് ചെയ്ത് രണ്ടുപേരെ കാത്തുനിൽക്കുന്നതിനിടെ കാർ പിറകോട്ട് നീങ്ങി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഇരുവരേയും ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെബാസ്റ്റ്യനെ രക്ഷിക്കാനായില്ല. മക്കൾ: റെജി, റെനി, റെൻസി.