കൊച്ചി: സത്യത്തെ വെളിപ്പെടുത്താൻ നിതാന്ത ജാഗ്രതയും ക്രിയാത്മകവും തുറവിയുടേതുമായ നിരന്തര ശ്രമങ്ങളും സഭയുടെ പൊതുജന സമ്പർക്ക വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഉണ്ടാകണമെന്ന് കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ.
കേരള കത്തോലിക്കാ സഭയിലെ രൂപതകളിലെയും സന്യാസ സഭകളിലെയും പിആർഒമാരുടെയും മീഡിയ, ജാഗ്രത വിഭാഗങ്ങളിലെ നേതൃസ്ഥാനങ്ങളിലുള്ളവരുടെയും സംയുക്ത വാർഷിക യോഗം പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെസിബിസി ജാഗ്രതാ കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ, ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ, സിസ്റ്റർ ആൻസി പോൾ, ജോസഫ് ജൂഡ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
മാധ്യമ പ്രവർത്തകൻ ഡോ. വിനോദ് കെ. ജോസ്, ഐടി വിദഗ്ധൻ തോംസൺ ഫിലിപ്പ് എന്നിവർ ക്ലാസുകൾ നയിച്ചു. 150 ഓളം പ്രതിനിധികൾ പങ്കെടുത്തു.