നഗോയ: ഇരുപതാമത് ഏഷ്യന്‍ ഗെയിംസ് ഇന്നു മിഴി തുറക്കും... ഒക്ടോബര്‍ നാലു വരെയാണ് 2026 ഏഷ്യന്‍ ഗെയിംസ്. ഇന്ത്യയുടെ ടെക്ബോള്‍, വനിതാ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടങ്ങള്‍ ഇതിനോടകം ആരംഭിച്ചു.
ഇന്ത്യന്‍ താരങ്ങളുടെ താമസം, ഇന്നലെ നടന്ന ഔദ്യോഗിക സ്വീകരണം, പതാക ഉയര്‍ത്തല്‍ ചടങ്ങുകളില്‍ ആതിഥേയര്‍ക്കു ഗുരുതര പിഴവുകള്‍ സംഭവിച്ചതായുള്ള ആക്ഷേപം ഉയര്‍ന്നു.
പതാക ഉയര്‍ത്തലും ഔദ്യോഗിക സ്വീകരണവും മുന്‍ നിശ്ചയപ്രകാരം നടക്കാതിരിക്കുകയും അനന്തമായി വൈകുകയും ചെയ്തതോടെ ചടങ്ങു പൂര്‍ത്തിയാക്കാതെ ഇന്ത്യന്‍ പ്രതിനിധികള്‍ മടങ്ങിയതാണ് വിവരം. ഇന്ത്യയുടെ അടക്കം താരങ്ങളുടെ താമസസൗകര്യങ്ങളില്‍ വീഴ്ചപറ്റിയതിനു പിന്നാലെയാണിതെന്നതും ജപ്പാന്റെ ആതിഥേയത്വത്തിനുമേല് കറുത്ത പാടായി.
ഉഷ, ലിജോ, അഞ്ജലി
ഇന്നലെ നടന്ന ടീമുകളുടെ ദേശീയ പതാക ഉയര്‍ത്തലും ഔദ്യോഗിക സ്വീകരണത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച് സ്റ്റേജില്‍ എത്തിയത് മലയാളി ഒളിമ്പ്യന്‍ ലിജോ ഡേവിഡ് തോട്ടാനും അഞ്ജലി ഭാവതുമാണ്. 2000 ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 4x400 മീറ്റര്‍ റിലേയില്‍ ലിജോ ഡേവിഡ് തോട്ടാന്‍ പങ്കെടുത്തു.
2000 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 4x400 മീറ്ററില്‍ വെള്ളി നേടിയ ഇന്ത്യന്‍ റിലേ ടീം അംഗവുമായിരുന്നു ലിജോ.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) പ്രസിഡന്റും മലയാളി ഇതിഹാസ അത് ലറ്റുമായ പി.ടി. ഉഷ, ദേശീയ കായികമന്ത്രി മന്‍സുഖ് മാണ്ഡ്യവ്യ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
താളാത്മക ഹൃദയമിടിപ്പ്
ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനച്ചടങ്ങ് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30 മുതലാണ് ആരംഭിക്കുന്നത്. 4.30വരെ ചടങ്ങ് അരങ്ങേറും. താളാത്മക ഹൃദയമിടിപ്പ് എന്ന തീമിലാണ് പരിപാടികള്‍.
ഐച്ചി-നഗോയയിലെ പലോമ മിസുഹോ സ്റ്റേഡിയമാണ് ഉദ്ഘാടനവേദി. ജാപ്പനീസ് സിനിമാ സംവിധായകനായ യുകിഹിക്കോ സുത്സുമിയാണ് പരിപാടികള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സമാപന ചടങ്ങ് സംവിധാനം ചെയ്യുന്നതും സുത്സുമിയാണ്.
മനു ഭാകര്‍, തജീന്ദര്‍ പതാകയേന്തും
ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ദേശീയപതാകയേന്തി ഇന്ത്യയെ നയിക്കുക വനിതാ ഷൂട്ടിംഗ് താരം മനു ഭാകറും പുരുഷ ഷോട്ട്പുട്ട് താരം തജീന്ദര്‍പാല്‍ സിംഗും. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ചീഫ് ഡി മിഷനായ സഹ്ദേവ് യാദവും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുമാണ് ഇക്കാര്യം അറിയിച്ചത്.
മുപ്പത്തൊന്നുകാരനായ തജീന്ദര്‍പാല്‍ സിംഗ് 2022 ഗാങ്ഷൂ ഏഷ്യന്‍ ഗെയിംസ് ഷോട്ട്പുട്ട് സ്വര്‍ണ ജേതാവാണ്. 2018ലും സ്വര്‍ണം നേടിയിരുന്നു. 2024 പാരീസ് ഒളിമ്പിക്സില്‍ രണ്ടു വെങ്കലം നേടി ചരിത്രം സൃഷ്ടിച്ച താരമാണ് ഇരുപത്തിനാലുകാരിയായ മനു ഭാകര്‍. 2022 ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു.