തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഫൈനലിൽ ഇടംപിടിച്ച കൊല്ലം സെയ്ലേഴ്സും തിരുവനന്തപുരത്തിന്റെ സ്വന്തം ട്രിവാൻഡ്രം റോയൽസും ഉൾപ്പെടെയുള്ള ആറു കെസിഎൽ ടീമുകളും ഒരേ സ്വരത്തിൽ പറയുന്നു. ഞങ്ങൾ പോരാട്ടത്തിന് തയാറായി.
ഇനി കാര്യവട്ടത്തെ പച്ചപ്പാർന്ന അങ്കത്തട്ടിൽ പോരാട്ടത്തിന്റെ നാളുകൾക്കായി ടീമുകൾ ഒരുങ്ങിക്കഴിഞ്ഞു. കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം, ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുകൾ കളത്തിലിറങ്ങുന്പോൾ പോരാട്ടത്തിനു ചൂടും ചൂരുമേറും.
കെസിഎൽ മൂന്നാം എഡിഷന് ഇന്ന് കാര്യവട്ടത്ത് തുടക്കമാകുന്പോൾ ഉച്ചയ്ക്ക് 2.30ന് ആദ്യ മൽസരത്തിൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും. കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ കൊച്ചി ബ്ലൂടൈഗേഴ്സ് വൈകുന്നേരം 7.30ന് നടക്കുന്ന മത്സരത്തിൽ കൊല്ലം സെയ്ലേഴ്സിനെ നേരിടും.
ഓണാരവത്തിലേക്ക് കടന്നുകഴിഞ്ഞ മലയാളികൾക്ക് ക്രിക്കറ്റ് കാർണിവലിന്റെ ദിനങ്ങളാവും സെപ്റ്റംബർ അഞ്ചുവരെ കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയം സമ്മാനിക്കുന്നത്. ബാറ്റർമാരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പിച്ചിൽ നിന്ന് കൂറ്റൻ സ്കോറുകൾക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
ബാറ്റർമാരുടെയും ബൗളർമാരുടെയും ഓണ്റൗണ്ടർമാരുടെയും ഒരു മികച്ച നിരയെ സജ്ജമാക്കാൻ കഴിഞ്ഞതാണ് തങ്ങളുടെ കരുത്തെന്നു കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ സലി സാംസണ് പറഞ്ഞു. ആദ്യ മത്സരത്തിൽ തന്നെ ജയത്തോടെ തുടങ്ങാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും സാലി കൂട്ടിച്ചേർത്തു.
മികച്ച താരനിരയോടെ ഇത്തവണ കിരീടം നേടാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്ന് മുൻ കേരള ക്യാപ്റ്റൻ കൂടിയായ ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിലും സെമിഫൈനലിൽ കാലിടറിയെങ്കിലും സന്തുലിതമായ ടീമും മികച്ച പരിശീലനവും നൽകുന്ന ആത്മവിശ്വാസത്തിൽ ഇത്തവണ കപ്പടിക്കുക മാത്രമാണ് ലക്ഷ്യമെന്ന് തൃശൂർ ടൈറ്റൻസ് ക്യാപ്റ്റൻ എം.എസ്. അഖിൽ അഭിപ്രായപ്പെട്ടു.
ഇത്തവണ കിരീടത്തിൽ കുറഞ്ഞ ലക്ഷ്യങ്ങൾ ഒന്നുമില്ലെന്ന് ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് വ്യക്തമാക്കി. യുവതാരങ്ങൾ അണിനിരക്കുന്ന ടീമിന്റെ മികവ് ഇത്തവണ കിരീടം നേടാൻ സഹായിക്കുമെന്നു കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ പറഞ്ഞു.
പരിചയസന്പന്നരായ താരങ്ങളും യുവതാരങ്ങളും ഉൾപ്പെടുന്ന മികച്ചൊരു മിശ്രിതമാണ് ടീമിലുള്ളതെന്നും മുൻവർഷങ്ങളിലെ മികവ് ഇത്തവണയും ആവർത്തിക്കുമെന്നു ഏരീസ് കൊല്ലം സെയ്ലേഴ്സ് നായകൻ വത്സൽ ഗോവിന്ദ് പറഞ്ഞു.
2024-ൽ കെസിഎല്ലിന്റെ ആദ്യ പതിപ്പിൽ ഏരീസ് കൊല്ലമാണ് കിരീടത്തിൽ മുത്തമിട്ടത്. കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ കലാശപ്പോരാട്ടത്തിൽ ആറു വിക്കറ്റിന് തകർത്തായിരുന്നു പ്രഥമ കെസിഎൽ കപ്പിൽ മുത്തമിട്ടത്. 2025-ൽ കൊല്ലം സെയ്ലേഴ്സിനെ 75 റണ്സിന് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്.