ആലുവ: സ്ഥിരം കുറ്റവാളികളെ നിരീക്ഷിച്ച് കുറ്റകൃത്യങ്ങൾക്ക് തടയിടുന്ന പദ്ധതിയായ ഓപ്പറേഷൻ സ്റ്റീൽ ബേർഡിൽ എറണാകുളം റൂറൽ ജില്ലയിൽ ഇതുവരെ പിടിയിലായത് 22 ക്രിമിനലുകൾ. കഴിഞ്ഞ മാർച്ച് 26 ന് ആരംഭിച്ച ഓപ്പറേഷൻ കാരണം നിരവധി ഗൗരവമേറിയ കുറ്റകൃത്യങ്ങൾ തടയാനായെന്ന് ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ പറഞ്ഞു.
മാർച്ച് 26ന് ആംസ് ആക്ട് പ്രകാരം ശരത് ശശി (എടത്തല) വിനീത് (അങ്കമാലി), എക്സപ്ലൊസീവ് ആക്ട് പ്രകാരം അജാസ് (എടത്തല) ബിലാൽ ( എടത്തല) വടിവാൾ സുലൈമാൻ (എടത്തല) എന്നിവരെ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു.
പുതിയ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് വേണ്ടി കോതമംഗലം പുന്നേക്കാട് കരിയിലപ്പാറയിലെ റിസോർട്ടിൽ ഒരുമിച്ചുകൂടിയ കണ്ണൂർ അഴീക്കൽ സ്വദേശി അർജുൻ ആയെങ്കി, തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ സ്വദേശി ആദർശ് , അഴീക്കൽ സ്വദേശി പ്രണവ് പള്ളുരുത്തി സ്വദേശി ധനീഷ് , ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി അരുൺ ( ഡോൺ), പള്ളുരുത്തി സ്വദേശി ടാൻസർ എന്നിവരാണ് പോലീസ് വലയിലായ മറ്റൊരു സംഘം.
ഒട്ടേറെ കേസുകളിലെ പ്രതികളായ മരട് അനീഷ്, അയ്യന്തോൾ സ്വദേശി പ്രേം , കടവന്ത്ര സ്വദേശി സെബിൻ സ്റ്റീഫൻ, പൂണിത്തുറ സ്വദേശി അജിത്ത് എന്നിവരെ നെടുമ്പാശേരി പോലീസ് പിടികൂടിയിരുന്നു അത്താണിയിലെ ഒരു സ്പായില് ഭീഷണിപ്പെടുത്തി പിരിവ് നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
ഹൈവേ റോബറി നടത്തുന്നതിന് ഒത്തുകൂടിയ ഞാറയ്ക്കൽ വൈപ്പിൻ സ്വദേശി ശ്യാംകുമാർ, തൃപ്രയാർ സ്വദേശി അരുൺ ദേവ്, പാറക്കടവ് കുറുമശേരി സ്വദേശി നിധിൻ, പൂതംകുറ്റി സ്വദേശി ജോയി, ആലപ്പുഴ മുളക്കഴ സ്വദേശി ഷെമാൻ മാത്യു എന്നിവരെ അങ്കമാലി പോലീസ് പിടികൂടിയിരുന്നു. ഓപ്പറേഷൻ സ്റ്റീൽ ബേർഡിന്റെ ഭാഗമായി ഇന്റലിജന്റ്സ് ശേഖരണം ഇനിയും തുടരുമെന്നും മുൻകരുതൽ അറസ്റ്റും ഉണ്ടാകുമെന്നും അറസ്റ്റ് ചെയ്തവരുടെ മുൻകാല കുറ്റകൃത്യങ്ങളിൽ ജാമ്യം ലഭിച്ചിട്ടുള്ളത് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു.