ജയസൂര്യയെ നായകനാക്കി പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ത്രാൾ’ എന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്കെത്തി.
നാഷണൽ ഇന്റലിജൻസ് ഏജൻസിയുടെ പ്രവർത്തനങ്ങളും ജമ്മു കശ്മീരിലെ ത്രാളിൽ നടന്ന സൈനിക ഏറ്റുമുട്ടലുകളും പശ്ചാത്തലമാക്കുന്ന ചിത്രം ശക്തമായ ദേശസ്നേഹവും മിന്നൽ വേഗത്തിലുള്ള ആക്ഷൻ രംഗങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.
ചിത്രത്തിൽ എൻ.ഐ.എ. ഉദ്യോഗസ്ഥനായ ഹർഷവർദ്ധൻ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. റിതിക സിങ് നായികയായി എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം അഞ്ച് ഭാഷകളിലായി തീയറ്ററുകളിലെത്തും.
വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താര നിര തന്നെ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു എന്നിവർക്കൊപ്പം ബോളിവുഡ് അഭിനേതാക്കളായ വിനയ് റായ്, അമൈറ ദാസ് തർ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സംവിധായകൻ രതീഷ് വേഗ തന്നെയാണ് നിർവഹിക്കുന്നത്.
നജോസ് ഛായാഗ്രഹണവും ഷഫീഖ് വി.ബി. ചിത്രസംയോജനവും നിർവഹിച്ച ചിത്രത്തിന് സമീറ സനീഷ്, സരിത ജയസൂര്യ എന്നിവർ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ ചമയവും ഒരുക്കുന്നു.