ധൻവാർ (ഛത്തീസ്ഗഡ്): ക്രൈസ്തവമതത്തിലേക്കു മാറിയതിന്റെ നിയമസാധുത തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയില്ലെന്നാരോപിച്ച് ഛത്തീസ്ഗഡിൽ ഗോത്രവിഭാഗക്കാരനായ ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞു.
ഈശോസഭാംഗമായ ഡീക്കൻ ബേസിൽ ഹദ്ദെയുടെ പൗരോഹിത്യ സ്വീകരണ ചടങ്ങാണു തടഞ്ഞത്. ബൽറാംപുർ ജില്ലയിലുള്ള ധൻവാർ ഇടവകയിലായിരുന്നു പൗരോഹിത്യ സ്വീകരണം നിശ്ചയിച്ചിരുന്നത്. പൊലിസിന്റെയും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയും അടിയന്തര ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ 14ന് നടക്കേണ്ടിയിരുന്ന ചടങ്ങ് താത്കാലികമായി മാറ്റിവയ്ക്കാൻ സഭാധികാരികൾ നിർബന്ധിതരാകുകയായിരുന്നു.
രാജ്യത്തുതന്നെ കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്.മേഖലയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്രവിഭാഗത്തിൽനിന്ന് കത്തോലിക്കാസഭയിലെ പൗരോഹിത്യത്തിലേക്കു കടന്നുവരുന്ന ആദ്യവ്യക്തിയാണ് ഡീക്കൻ ബേസിൽ ഹദ്ദെ. അദ്ദേഹത്തിന്റെ സ്വന്തം ഇടവകയായ ധൻവാറിൽ നടക്കാനിരുന്ന ഈ ചടങ്ങ് പ്രാദേശിക ക്രൈസ്തവർക്കും ഇതരമതസ്ഥരായ ഗ്രാമവാസികൾക്കും വലിയ ആവേശമായിരുന്നു. ഒരു മാസം നീണ്ട തയാറെടുപ്പുകളാണ് ചടങ്ങിനായി ഗ്രാമത്തിൽ നടന്നിരുന്നത്.
ചടങ്ങു നടക്കേണ്ടതിനു തലേന്ന് ബേസിൽ ഹദ്ദെ ഇടവകയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് പൊലിസും സബ് ഡിവിഷണൽ മജിസ്ട്രേറ്റും ഉൾപ്പെടുന്ന ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തിയത്. ഡീക്കന്റെ ക്രിസ്തീയ ഐഡന്റിറ്റി തെളിയിക്കുന്ന മാമ്മോദീസ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും ഉദ്യോഗസ്ഥർ അതു സ്വീകരിക്കാൻ കൂട്ടാക്കിയില്ല.
അധികാരികളുടെ മുൻകൂർ അനുമതിയോടെയാണോ മതപരിവർത്തനം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ വേണമെന്ന് ഉദ്യോഗസ്ഥർ വാദിച്ചു. ഛത്തീസ്ഗഡിൽ കർശനമായ മതപരിവർത്തന നിരോധന നിയമം വരുന്നതിന് ഏറെ മുന്പ്, 1995ൽ തന്റെ കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം ക്രിസ്തുമതം സ്വീകരിച്ചതാണെന്നും അന്ന് അതിന് സർക്കാരിന്റെ അനുമതി ആവശ്യമില്ലായിരുന്നുവെന്നും ഡീക്കൻ ഹദ്ദെ ചൂണ്ടിക്കാട്ടിയെങ്കിലും ഉദ്യോഗസ്ഥർ കേൾക്കാൻ തയാറായില്ല.
പാത്രാസ്, ഉമേഷ് എന്നീ രണ്ടു വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു തങ്ങൾ എത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു ഗോത്രവർഗക്കാരന്റെ പൗരോഹിത്യ സ്വീകരണം പ്രദേശത്ത് കൂടുതൽ മതപരിവർത്തനങ്ങൾക്ക് വഴിവയ്ക്കുമെന്നായിരുന്നു പരാതിക്കാരുടെ വാദം. ചടങ്ങ് മാറ്റിവച്ചില്ലെങ്കിൽ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങൾക്ക് തങ്ങൾ ഉത്തരവാദികളായിരിക്കില്ലെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.
ഗ്രാമവാസികൾ പ്രതിഷേധത്തിൽ
ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലിൽ ഗ്രാമവാസികളും ഡീക്കന്റെ കുടുംബാംഗങ്ങളും വലിയ രോഷത്തിലാണ്. ജില്ലാ ആസ്ഥാനത്തേക്കു പ്രതിഷേധമാർച്ച് നടത്താൻ പ്രദേശവാസികൾ തയാറായെങ്കിലും സമാധാനം നിലനിർത്താൻ ഈശോസഭാ അധികാരികളും ഇടവക കൗൺസിലും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
മുൻകരുതലിന്റെ ഭാഗമായും സുരക്ഷാഭീഷണികൾ കണക്കിലെടുത്തും ഡീക്കൻ ബേസിൽ ഹദ്ദെയെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. ഡീക്കന്റെ മതപരിവർത്തനം പൂർണമായും നിയമവിധേയമാണെന്നു കോടതിയിൽ തെളിയിക്കാനാണ് സഭയുടെ തീരുമാനം. അതിനുശേഷം അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമമായ ധൻവാറിൽതന്നെ പൗരോഹിത്യ സ്വീകരണം നടത്തുമെന്നും സഭാധികാരികൾ വ്യക്തമാക്കി.
മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗം
ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഏതു മതത്തിലും വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്.
എന്നാൽ ഛത്തീസ്ഗഡ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ നിലവിലുള്ള ഏറെ കർക്കശമായ മതപരിവർത്തന നിരോധന നിയമങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തെയും ഭരണഘടനാ അവകാശങ്ങളെയും ഹനിക്കുന്ന രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ സംഭവമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.