ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിയും കുതിച്ചുയരുന്ന ജീവിതച്ചെലവും ഇറാനിലെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുഃസഹമാക്കുന്നു. കടം വീട്ടാനും കുടുംബത്തിന്റെ നിത്യച്ചെലവുകൾ കണ്ടെത്താനും സ്വന്തം അവയവങ്ങൾ വിൽക്കാൻ പരസ്യം നൽകുന്നവരുടെ എണ്ണം വർധിക്കുകയാണ്. വൃക്കയും കരളും കോശങ്ങളും അസ്ഥിമജ്ജയുമെല്ലാം വിൽപനയ്ക്ക് വച്ചാണ് പലരും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നത്.
അതേസമയം, കടുത്ത തണുപ്പിൽ ഹീറ്ററുകൾ പോലുമില്ലാത്ത ക്ലാസ് മുറികളിൽ വിദ്യാർഥികൾ പഠിക്കേണ്ടിവരുന്നു. ഈ ദുരിതങ്ങൾക്കിടയിൽ കോടികൾ ചെലവിട്ട് പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം തുറന്ന സൈനിക നേതൃത്വത്തിനെതിരെയും ജനരോഷം ശക്തമാണ്.
തൊഴിൽമേഖലയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന 'ഇൽന' വാർത്താ ഏജൻസിയാണ് ഇറാനിലെ അവയവ വിൽപനയുടെ വ്യാപ്തി പുറത്തുകൊണ്ടുവന്നത്. മധ്യ ടെഹ്റാനിലെ തെരുവുകളിലെ ചുവരുകളിലും കെട്ടിടങ്ങളുടെ ഇരുമ്പുവാതിലുകളിലുമെല്ലാം അവയവങ്ങൾ വിൽക്കാനുണ്ടെന്ന പരസ്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. 'കിഡ്നി സ്ട്രീറ്റ്' എന്നറിയപ്പെടുന്ന ഫർഹാംഗ് ഹൊസൈനി സ്ട്രീറ്റ് അവയവങ്ങൾ വിൽക്കാൻ തയാറുള്ളവരുടെയും വാങ്ങാൻ താൽപര്യമുള്ളവരുടെയും പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു.
വൃക്കയ്ക്ക് കോടികളുടെ വില
സാമ്പത്തികമായി തകർന്ന തൊഴിലാളികളാണ് അവയവങ്ങൾ വിൽക്കാൻ മുന്നോട്ടുവരുന്നവരിൽ ഭൂരിഭാഗവുമെന്ന് ടെഹ്റാനിലെ സദ്ര ആശുപത്രിയിലെ ജീവനക്കാരൻ പറയുന്നു. വൃക്കയ്ക്ക് സാധാരണയായി 30 മുതൽ 40 ബില്യൺ റിയാൽ വരെയാണു വില. രക്തഗ്രൂപ്പിന്റെ ലഭ്യതയനുസരിച്ച് വിലയിൽ വലിയ വ്യത്യാസവുമുണ്ട്.
ഒ പോസിറ്റീവ് രക്തഗ്രൂപ്പുള്ളവർ എട്ടു ബില്യൺ റിയാലിന് വൃക്ക നൽകാൻ തയാറാകുമ്പോൾ അപൂർവ രക്തഗ്രൂപ്പുകൾക്ക് വില 50 ബില്യൺ റിയാൽ വരെയെത്തുന്നു. കടം വീട്ടാൻ 35 ബില്യൺ റിയാൽ ആവശ്യമുള്ള 30 വയസുകാരനായ മോട്ടോർ സൈക്കിൾ കൊറിയർ ജീവനക്കാരൻ നേരത്തേ ലഭിച്ച 15 ബില്യൺ റിയാലിന്റെ വാഗ്ദാനം നിരസിച്ചു. ചെക്ക് കേസിൽനിന്നു രക്ഷപ്പെടാൻ ഏഴു മുതൽ എട്ടു ബില്യൺ റിയാൽ വരെ ആവശ്യമായതിനാൽ വിപണി വിലയേക്കാൾ 20-30 ശതമാനം കുറച്ച് അവയവം നൽകാൻ തയാറാണെന്ന് 58 വയസുകാരനായ മറ്റൊരു തൊഴിലാളിയും അറിയിച്ചിട്ടുണ്ട്.
കടബാധ്യത തീർക്കാൻ ഒന്നിലധികം അവയവങ്ങൾ വിൽക്കാൻ തയാറായവരുമുണ്ട്. 33 വയസുകാരനായ നിർമാണത്തൊഴിലാളി അസ്ഥിമജ്ജയ്ക്ക് 40 ബില്യൺ റിയാൽ ആവശ്യപ്പെട്ടതിനൊപ്പം വൃക്കയും കരൾ കോശങ്ങളും വിൽക്കാമെന്നും പരസ്യം നൽകിയിട്ടുണ്ട്. താൻ പൂർണ ആരോഗ്യവാനാണെന്നും ആവശ്യമായ മെഡിക്കൽ രേഖകൾ കൈവശമുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു.
അഞ്ചുകോടി പേർ ദാരിദ്ര്യത്തിൽ
സർക്കാരിന്റെ കറൻസി സബ്സിഡി നയത്തിലെ വീഴ്ചകൾ രാജ്യത്തെ അഞ്ചു കോടിയോളം പേരെ കടുത്ത ദാരിദ്ര്യത്തിലേക്കും പോഷകാഹാരക്കുറവിലേക്കും തള്ളിയിട്ടതായി പാർലമെന്ററി സാമൂഹികകാര്യ സമിതി അധ്യക്ഷൻ അലി ബാബായി കർണാമി വെളിപ്പെടുത്തി.
യുദ്ധസാഹചര്യങ്ങളും സാമ്പത്തിക തകർച്ചയും കാരണം ലക്ഷക്കണക്കിന് ആളുകൾ പുതുതായി ദാരിദ്ര്യത്തിലേക്ക് വീഴുന്നതായി യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥിരവരുമാനമുള്ള സർക്കാർ ജീവനക്കാരും തൊഴിലാളികളും പോലും ജീവിതച്ചെലവ് താങ്ങാനാകാതെ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. പലപ്പോഴും അടിസ്ഥാന മിനിമം വേതനം, ജീവിതച്ചെലവിന് ആവശ്യമായ തുകയുടെ മൂന്നിലൊന്നു പോലും തികയാത്ത അവസ്ഥയാണ്.
ഭക്ഷ്യവസ്തുക്കളുടെ വില 90 മുതൽ 140 ശതമാനം വരെ വർധിച്ചതോടെ സാധാരണക്കാരുടെ തീൻമേശകളിൽനിന്നു മാംസം, പഴവർഗങ്ങൾ, പോഷകാഹാരങ്ങൾ എന്നിവ അപ്രത്യക്ഷമാകുന്ന സ്ഥിതിയാണ്. ഗ്രാമീണമേഖലകളിൽ ഏകദേശം 66 ശതമാനത്തോളം കുടുംബങ്ങൾ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്.
പുതപ്പുമായി ക്ലാസ് മുറികളിൽ വിദ്യാർഥികൾ
സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഊർജക്ഷാമവും ഇറാനിലെ ജനജീവിതത്തെ ബാധിക്കുന്നു. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം താപനില പൂജ്യത്തിനും താഴെയെത്തിയിട്ടും പല സ്കൂളുകളിലും ഹീറ്ററുകൾ പ്രവർത്തിപ്പിക്കുന്നില്ല. കൊടുംതണുപ്പിൽ വിറച്ചുകൊണ്ടാണ് കുട്ടികൾ ക്ലാസ് മുറികളിലിരിക്കുന്നത്.
വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസിൽ താപനില മൈനസ് അഞ്ചു ഡിഗ്രി സെൽഷ്യസിലെത്തിയിട്ടും റേഡിയേറ്ററുകൾ പ്രവർത്തിപ്പിക്കാൻ സ്കൂൾ അധികൃതർ തയാറായില്ലെന്നാണ് പരാതി. സ്വന്തം ശ്വാസംകൊണ്ട് ക്ലാസ് മുറികൾ ചൂടാക്കാൻ വിദ്യാർഥികളോട് അധികൃതർ നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. അർദബീലിൽ മഞ്ഞുവീഴ്ചയ്ക്കിടയിലും ഹീറ്ററുകൾ പ്രവർത്തിക്കാത്തതിനാൽ കുട്ടികൾ യാത്രാപുതപ്പുകളുമായാണ് സ്കൂളിലെത്തുന്നത്.
വടക്കൻ പ്രവിശ്യയായ ഗിലാനിലെ ഒരു ഹൈസ്കൂളിൽ പ്രിൻസിപ്പലിന്റെ ഓഫിസിൽ മാത്രമാണു ഹീറ്റർ പ്രവർത്തിക്കുന്നത്. ക്ലാസ് മുറികളിലെ ഹീറ്ററുകൾ കഴിഞ്ഞവർഷം മുതൽ കേടായിക്കിടക്കുകയാണ്. ടെഹ്റാനിലെ പല സ്കൂളുകളിലും വൈദ്യുതിയും ഗ്യാസുമില്ല. ഭീമമായ ഫീസ് ഈടാക്കുന്ന സ്കൂളുകൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻപോലും തയാറാകുന്നില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
സർക്കാർ സ്കൂളുകൾ പോലും വൈദ്യുതി, വെള്ളം, ഗ്യാസ് ബില്ലുകൾ അടയ്ക്കാനും പരീക്ഷാ പേപ്പറുകൾ വാങ്ങാനുമായി രക്ഷിതാക്കളിൽനിന്നു പണം പിരിക്കുന്നതായും പരാതിയുണ്ട്. അഹ്വാസിലെ ഒരു സ്കൂളിൽ പരീക്ഷാപേപ്പറുകൾക്കായി പത്തു ലക്ഷം റിയാൽ ആവശ്യപ്പെട്ടെന്നും പണം നൽകാത്തവർക്കു മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ഇന്റർനെറ്റ് തടസങ്ങളും ഉയർന്ന ഡാറ്റാ നിരക്കുകളും കാരണം ഓൺലൈൻ പഠനത്തിലേക്കു മാറാനും കുടുംബങ്ങൾക്ക് കഴിയുന്നില്ല.
മിസൈൽ നഗരത്തിനെതിരേ ജനരോഷം
സാധാരണക്കാർ ദാരിദ്ര്യത്തിലും ഊർജക്ഷാമത്തിലും വലയുമ്പോൾ പുതിയ ഭൂഗർഭ 'മിസൈൽ നഗരം' തുറന്ന ഇറാന്റെ റവല്യൂഷണറി ഗാർഡ്സിന്റെ (ഐആർജിസി) നടപടിയും വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ജനങ്ങളുടെ ജീവിതനിലവാരം തകരുമ്പോൾ സൈനിക ആവശ്യങ്ങൾക്കായി വൻതുക ചെലവഴിക്കുന്ന ഭരണകൂടത്തിന്റെ മുൻഗണനകളെയാണ് പൗരന്മാർ ചോദ്യം ചെയ്യുന്നത്.
സായുധസേനാ മേധാവി അലി അബ്ദുള്ളാഹിയും റവല്യൂഷണറി ഗാർഡ്സ് എയ്റോസ്പേസ് ഫോഴ്സ് കമാൻഡർ മജീദ് മൗസവിയും പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം സന്ദർശിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ പത്തിനാണ് ഇറേനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടത്.
'മിസൈൽ നഗരങ്ങൾക്കായി മലകൾ തുരന്ന് തുരങ്കങ്ങൾ നിർമിച്ചവർ ജനങ്ങളുടെ തീൻമേശകളിൽ അതിനേക്കാൾ വലിയ വിള്ളലുകളാണ് സൃഷ്ടിച്ചിരിക്കുന്നത്' എന്നായിരുന്നു ഷിറാസ് സ്വദേശിയുടെ പ്രതികരണം. ജനങ്ങളുടെ ഉപജീവനത്തിനായി ചെലവഴിക്കേണ്ട പണമാണ് സൈനിക ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതെന്നും ഇറാന്റെ അവസ്ഥ ഉത്തരകൊറിയയുടേതിനു സമാനമായി മാറുകയാണെന്നും വിമർശനമുയരുന്നു.
പണപ്പെരുപ്പവും ഊർജക്ഷാമവും
ഒക്ടോബറിലെ കണക്കുകൾ പ്രകാരം ഇറാനിലെ വാർഷിക പണപ്പെരുപ്പം 88.7 ശതമാനത്തിലെത്തിയിട്ടുണ്ട്. ശൈത്യകാലത്ത് 430 ദശലക്ഷം ക്യുബിക് മീറ്റർ ഗ്യാസിന്റെ കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഊർജോപഭോഗം കുറയ്ക്കണമെന്നു സർക്കാർ വക്താവ് ഫാത്തിമ മൊഹാജെറാനി ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
വീടുകളിൽ ഗ്യാസ് ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെടുന്ന സർക്കാർ തന്നെ ഭൂഗർഭ സൈനിക കേന്ദ്രങ്ങൾക്കായി വൻതോതിൽ ഊർജം വിനിയോഗിക്കുന്നതിലെ വൈരുധ്യവും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. യുദ്ധമുണ്ടായാൽ സാധാരണക്കാർക്ക് അഭയം തേടാൻ ആവശ്യമായ ഭൂഗർഭ ഷെൽട്ടറുകളോ സുരക്ഷാ സംവിധാനങ്ങളോ ഒരുക്കാത്തതിലും പ്രതിഷേധമുണ്ട്.
മിസൈൽ കേന്ദ്രങ്ങൾക്കു പകരം ജനങ്ങൾക്കായി ഭൂഗർഭ അഭയകേന്ദ്രങ്ങൾ നിർമിക്കേണ്ടതായിരുന്നുവെന്നാണ് പലരുടെയും അഭിപ്രായം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിലും കുട്ടികൾക്ക് സുരക്ഷിതമായ വിദ്യാഭ്യാസാന്തരീക്ഷം ഉറപ്പാക്കുന്നതിലും പരാജയപ്പെടുന്ന ഭരണകൂടം സൈനികശക്തി വർധിപ്പിക്കുന്നതിന് നൽകുന്ന മുൻഗണനയാണ് ഇറാനിൽ ഇപ്പോൾ വലിയ ചർച്ചയാകുന്നത്.
സ്വന്തം ശരീരഭാഗങ്ങൾ വിറ്റ് കടം വീട്ടേണ്ടിവരുന്ന മനുഷ്യരും കൊടുംതണുപ്പിൽ പുതച്ചിരുന്ന് പഠിക്കേണ്ടിവരുന്ന കുട്ടികളും രാജ്യത്തെ സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. വൈദ്യുതി-വാതക ക്ഷാമം കാരണം വ്യവസായശാലകൾ പലതും അടച്ചുപൂട്ടുകയോ ഉത്പാദനം വെട്ടിക്കുറയ്ക്കുകയോ ചെയ്തു. ഇത് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും അനൗപചാരിക മേഖലകളിലെ വരുമാനനഷ്ടവും വർധിപ്പിച്ചു.