ഫ്ളോറിഡ: നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 2 ദൗത്യം പൂർത്തിയാക്കി ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 5.37ന് സാന്‍ഡിയാഗോ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തില്‍ ഓറിയോൺ പേടകം നിയന്ത്രിത ലാൻഡിംഗ് നടത്തും.
കഴിഞ്ഞ രണ്ടിനാണ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയില്‍നിന്ന് റോക്കറ്റ് സ്പേസ് ലോഞ്ച് സിസ്റ്റം പേടകത്തെയും വഹിച്ച് ചന്ദ്രനിലേക്കു യാത്ര തിരിച്ചത്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന സമയത്ത് വേഗവും താപവും നിയന്ത്രിക്കുകയെന്ന ഏറ്റവും അപകടകരമായ ഘട്ടം തരണം ചെയ്യേണ്ടതായുണ്ട്. ഈ സമയത്ത് പേടകത്തിന്റെ വേഗം മണിക്കൂറില്‍ 38,365 കിലോമീറ്റര്‍വരെയാകും.
ഈ വേഗം മൂലം പേടകത്തിന്റെ ഉപരിതലത്തിലെ ചൂട് 2760 ഡിഗ്രി സെല്‍ഷസ് വരെ ഉയരും. ഇതു മൂലം പേടകവുമായുള്ള ആശയവിനിമയം പോലും തടസപ്പെടാനുള്ള സാധ്യതയുമുണ്ട്.
ഉയര്‍ന്ന താപനിലയിലും വികിരണങ്ങളില്‍നിന്നു സംരക്ഷണമേകുന്ന താപകവചം പേടകത്തിനുണ്ട്. ആർട്ടെമിസ്-1 ദൗത്യത്തില്‍ ഈ താപകവചത്തിനു കേടുവന്നിരുന്നു. അക്കാരണത്താൽത്തന്നെ ഇത്തവണ കൂടുതല്‍ കൃത്യതയോടെയും കരുതലോടെയുമാണു താപകവചം നിർമിച്ചിരിക്കുന്നത്.