ഓസ്ലോ: യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഒറ്റപ്പെടുത്തുന്ന നിലപാടിൽ മാറ്റം വരുത്തി യൂറോപ്യൻ നേതാക്കൾ.
ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബും നോർവേ പ്രധാനമന്രി യോനസ് ഗാർ സ്റ്റോറയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ച.
അമേരിക്കയിലെ ട്രംപ് ഭരണകൂടം റഷ്യയോടു ചായ്വ് കാണിക്കുന്ന പശ്ചാത്തലത്തിലാണു യൂറോപ്യൻ നേതാക്കളുടെ അപ്രതീക്ഷിത നീക്കം. നാലര വർഷം മുന്പ് യുക്രെയ്നിൽ അധിനിവേശം ആരംഭിച്ച റഷ്യയെ ഉപരോധങ്ങളാൽ വലിഞ്ഞുമുറുക്കാനും ആഗോതലത്തിൽ ഒറ്റപ്പെടുത്താനുമാണു യൂറോപ്യൻ നേതൃത്വം ഇതുവരെ ശ്രമിച്ചിട്ടുള്ളത്.
നോർവേയും ഫിൻലാൻഡും റഷ്യയുടെ അയൽരാജ്യങ്ങളാണെന്നും യുദ്ധത്തിന്റെ അന്തരഫലങ്ങൾ തങ്ങളെ ബാധിക്കുമെന്നും ഫോൺ ചർച്ചയ്ക്കുശേഷം നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കൻ നേരിട്ടുള്ള ചർച്ചകൾ വേണം. യുക്രെയ്നുള്ള പിന്തുണ തുടരുമെന്നും കൂട്ടിച്ചേർത്തു. തുടർന്ന് ഇരുവരും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചു.
അതേസമയം, ഫോൺ ചർച്ചയുടെ പേരിൽ പുടിൻ വിട്ടുവീഴ്ചയ്ക്കു തയാറായി എന്ന സൂചന റഷ്യൻ വൃത്തങ്ങൾ നല്കിയില്ല. റഷ്യയുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതുവരെ സമാധാനം പുലരില്ലെന്ന് ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.