ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ പ്രസിദ്ധമായ ‘ട്രംപ് അവന്യു’ എന്ന തെരുവിന്റെ പേര് മാറ്റാൻ സിറ്റി കൗൺസിൽ തീരുമാനിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കാനഡയും തമ്മിൽ നിലനിൽക്കുന്ന വ്യാപാര തർക്കങ്ങളുടെയും തീരുവ തർക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നടപടി.
കാനഡ അതിർത്തിയിലുള്ള ഒന്റാരിയോ തടാകത്തിന്റെ പേര് ‘അമേരിക്ക തടാകം’ എന്ന് മാറ്റുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കും ഇറക്കുമതി തീരുവ വർധനയ്ക്കുമുള്ള നയതന്ത്രപരമായ മറുപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ഏകദേശം 25 വർഷത്തോളമായി അറിയപ്പെടുന്ന ട്രംപ് അവന്യൂവിനു പകരം ‘ടാകോ അവന്യൂ’, ‘ഒബാമ അവന്യൂ’ തുടങ്ങി നിരവധി പേരുകൾ പരിഗണനയിലുണ്ട്.
മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയോടുള്ള ആദരസൂചകമായാണ് ‘ഒബാമ അവന്യൂ’ നിർദേശിക്കപ്പെട്ടതെങ്കിൽ ട്രംപിന്റെ നിരന്തരമായ നയവ്യതിയാനങ്ങളെ പരിഹസിച്ച് ‘ട്രംപ് ഓൾവേസ് ചിക്കൻസ് ഔട്ട്’’ എന്നതിന്റെ ചുരുക്കെഴുത്തായ ‘ടാകോ’ എന്ന പേരും സജീവ ചർച്ചയാകുന്നുണ്ട്.