മതിലകം: നീർനായശല്യം രൂക്ഷമായ മതിലകം പഞ്ചായത്തിലെ കഴുവിലങ്ങ് പ്രദേശത്തെ മത്സ്യക്കർഷകർക്ക് ആശ്വാസമായി വനംവകുപ്പ് കുളങ്ങളിൽ കൂടുകൾ സ്ഥാപിച്ചു. പ്രദേശത്തെ നിരവധി കുളങ്ങളിലും തോടുകളിലും നീർനായകൾ കൂട്ടമായി എത്തി വളർത്തുമത്സ്യങ്ങളെ പിടിച്ചുതിന്നുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കഴുവിലങ്ങ് മേഖലയിലെ പല മത്സ്യകൃഷിക്കുളങ്ങളിലും നീർനായകളുടെ ആക്രമണം ശക്തമായിരുന്നു. കഴുവിലങ്ങ് സ്വദേശി മണക്കാട്ട് പാർഥസാരഥിയുടെ മത്സ്യകൃഷി നടത്തുന്ന കുളങ്ങളിൽ നീർനായകൾ സ്ഥിരമായി എത്തി മത്സ്യങ്ങളെ ഭക്ഷിച്ചിരുന്നു. ഇതിനെ തുടർന്ന് പാർഥസാരഥി വനംവകുപ്പിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുദിവസം മുമ്പ് ഉദ്യോഗസ്ഥൻ സജിയുടെ നേതൃത്വത്തിലുള്ള റെസ്ക്യൂ സംഘം സ്ഥലം സന്ദർശിച്ചു.
പ്രശ്നത്തിന് അടിയന്തരപരിഹാരമായി നീർനായകളെ പിടികൂടുന്നതിനായാണ് കഴുവിലങ്ങിലെ വിവിധ കുളങ്ങളിൽ കൂടുകൾ സ്ഥാപിച്ചത്. കൂടുകളിൽ നീർനായകൾ കുടുങ്ങുന്ന മുറയ്ക്ക് അവയെ സുരക്ഷിതമായി അനുയോജ്യമായ വനമേഖലയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.