സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത് ബീച്ചിൽ വെച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ സംഭവിച്ച ഒരു ഞെട്ടിക്കുന്ന സംഭവമാണ്.
സ്വന്തം കുഞ്ഞ് ശക്തമായ തിരമാലകൾക്കിടയിലേക്ക് അപകടകരമായാണ് നീങ്ങുന്നത് ശ്രദ്ധിക്കാതെ, ഫോണിൽ വീഡിയോ പകർത്തുന്ന തിരക്കിലായിരുന്നു ഒരു ദമ്പതികൾ.
തിരമാലകളിൽ പെട്ട് കുട്ടി ഒഴുക്കിൽപ്പെടാൻ തുടങ്ങിയതോടെ സമീപത്തുണ്ടായിരുന്ന ഒരു അപരിചിതൻ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ പെട്ടെന്ന് ഇടപെടുകയായിരുന്നു. ആ യാത്രക്കാരന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്.
എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ വലിയ തോതിലുള്ള വിമർശനങ്ങളാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ലൈക്കുകൾക്കും വ്യൂസിനും വേണ്ടി ആളുകൾ സ്വന്തം കുഞ്ഞുങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന പുതിയ കാലത്തെ റീൽസ് ഭ്രാന്തിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം ഉയരുന്നത്.
കുട്ടിയുടെ സുരക്ഷയെക്കാൾ സെൽഫി വീഡിയോയ്ക്ക് പ്രാധാന്യം നൽകിയ മാതാപിതാക്കളുടെ നിരുത്തരവാദപരമായ പ്രവൃത്തിയെക്കുറിച്ച് നിരവധി പേരാണ് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നത്.
ഭാഗ്യവശാൽ കുട്ടി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടെങ്കിലും, ഡിജിറ്റൽ ലോകത്തെ അമിതമായ ആസക്തി കുടുംബബന്ധങ്ങളെയും സ്വന്തം കുട്ടികളുടെ സുരക്ഷിതത്വത്തെയും എത്രമാത്രം ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയായി മാറുകയാണ് ഈ സംഭവം.