തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ നിയമസഭയിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ആരോഗ്യവകുപ്പിൽ ഏകോപനമില്ലെന്നും ഭരണകക്ഷിയിലെ പലരും ആരോഗ്യ ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യാനുള്ള തിരക്കിലാണെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.
സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാകില്ല, എന്നാൽ സർക്കാർ ഏത് ദിശയിലേക്കാണ് എന്ന് മനസിലാക്കാൻ 35 ദിവസം ധാരാളമാണ്. ആരോഗ്യമേഖലയിലെ കേരള മോഡൽ ലോകമാകെ അംഗീകരിച്ചതാണ്. എന്നാൽ ഈ കേരള മോഡൽ യുഡിഎഫ് സർക്കാർ കൈവിടുന്നുവെന്നുള്ളതിന്റെ സൂചനയാണ് അവരുടെ 35 ദിവസത്തെ ഇടപെടലിൽ നിന്ന് മനസിലാകുന്നതെന്ന് റിയാസ് കുറ്റപ്പെടുത്തി.
മാരക സ്വഭാവമുള്ള രോഗങ്ങൾ സംസ്ഥാനത്ത് പടർന്ന് പിടിക്കുകയാണ്. നിപ റിപ്പോർട്ട് ചെയ്ത് അഞ്ച് ദിവസം കഴിഞ്ഞാണ് മരുന്നെത്തിയതെന്നും റിയാസ് ചൂണ്ടിക്കാട്ടി.
പകർച്ചവ്യാധികൾ വരുന്നത് ഏതെങ്കിലും ഒരു മുന്നണി നയിക്കുന്ന സർക്കാർ ഭരിക്കുന്നത് കൊണ്ടാണെന്ന് കരുതുന്നവരല്ല തങ്ങൾ. ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല തങ്ങളുടെ കാഴ്ചപ്പാടെന്നും എംഎൽഎ വ്യക്തമാക്കി.