തിരുവനന്തപുരം: കെപിസിസി പ്രസിഡന്റും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തേക്ക് ഇറങ്ങുന്പോൾ സംഘടനാ നേതൃത്വത്തിലുണ്ടാകേണ്ട താത്കാലിക സംവിധാനത്തെക്കുറിച്ചും ഇന്നു മുതൽ വയനാട്ടിൽ നടക്കുന്ന കോണ്ഗ്രസ് ഉച്ചകോടിയിൽ ചർച്ച ചെയ്തേക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരിലും വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് കുണ്ടറയിലും എ.പി. അനിൽകുമാർ വണ്ടൂരിലും നിന്നുള്ള എംഎൽഎമാരാണ്. ഇത്തവണയും ഇവർ മത്സര രംഗത്തുണ്ടാകും.
പി.സി. വിഷ്ണുനാഥിന് ദക്ഷിണമേഖലയുടെയും എ.പി. അനിൽകുമാറിന് മധ്യമേഖലയുടെയും ചുമതലയാണ്. ഇവർ മത്സര രംഗത്ത് പോകുന്പോൾ എംപിമാർ മത്സര രംഗത്തേക്കു വന്നില്ലെങ്കിൽ ഇവർക്കാകും ചുമതല നൽകുക. വർക്കിംഗ് പ്രസിഡന്റുമാരിൽ ഉത്തരമേഖലയുടെ ചുമതല വഹിക്കുന്ന ഷാഫി പറന്പിൽ ലോക്സഭാംഗമാണ്.
ലോക്സഭാംഗങ്ങളിൽ ചിലർ നിയമസഭയിൽ മത്സരിക്കാൻ തയാറെടുക്കുന്നുണ്ട്. എന്നാൽ, ഇവരെ നിയമസഭയിൽ മത്സരിക്കാൻ അനുവദിച്ചാൽ ലോക്സഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഇതു ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന പ്രചാരണവും ഒരു വിഭാഗം കോണ്ഗ്രസുകാർക്കിടയിൽ ശക്തമാണ്.
എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കെ. സുധാകരൻ കണ്ണൂരിലേക്കു പോയപ്പോൾ പകരം എം.എം. ഹസന് ചുമതല നൽകിയിരുന്നു. പിന്നീട് ചുമതല തിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ടു തർക്കവുമുണ്ടായിരുന്നു.
ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന നടത്തണോ എന്ന കാര്യത്തിലും സുൽത്താൻ ബത്തേരി ഉച്ചകോടിയിൽ ചർച്ചയുണ്ടാകും. ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റുമാർ തുടരട്ടെ എന്നു തീരുമാനിച്ചാൽ നിയസഭാ തെരഞ്ഞെടുപ്പു വരെ മാറ്റമുണ്ടാകില്ല.
അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിനെ സഹായിക്കാൻ കോർ കമ്മിറ്റി രൂപീകരിക്കും. തിരുവനന്തപുരത്തു താത്കാലിക ചുമതല നൽകിയിട്ടുള്ള എൻ. ശക്തനു പകരം പുതിയ ആളെ കണ്ടെത്തേണ്ടി വരും.