കാസർഗോഡ്: ഡിസിസി അധ്യക്ഷൻ പി.കെ. ഫൈസലിനെതിരെ സാമ്പത്തിക ആരോപണവുമായി കെപിസിസി സെക്രട്ടറിയും മുൻ എംപി രാമറായിയുടെ മകനുമായ സുബ്ബയ്യ റായി. ഡിസിസി ഓഫീസിന്റെ മൂന്നാം നിലയ്ക്ക് അന്തരിച്ച രാമറായിയുടെ പേര് നൽകുന്നതിനായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കെപിസിസിക്ക് നൽകിയ പരാതിയിലെ ആരോപണം.
ഫൈസൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. അന്തരിച്ച മുൻ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണന്റെ പേരിലാണ് നിലവിൽ ഡിസിസി ഓഫീസിന്റെ കെട്ടിടം നിർമിക്കുന്നതിനുള്ള പിരിവ് നടത്തുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം പരാതി അടിസ്ഥാനരഹിതമാണെന്ന് പി.കെ. ഫൈസൽ വ്യക്തമാക്കി.
ആരോടും പണം ആവശ്യപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.പി. കുഞ്ഞിക്കണ്ണന്റെ പേരിൽ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആലോചിച്ചെടുത്ത തീരുമാനമാണ്. ഇക്കാര്യങ്ങൾ വിശദീകരിച്ച് താനും കെപിസിസിക്ക് പരാതി നൽകുമെന്നും ഫൈസൽ വ്യക്തമാക്കി.