കണ്ണൂർ: സിപിഎമ്മിനെതിരെ ഒളിയമ്പുമായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ. ഫേയ്സ്ബുക്ക് കുറിപ്പുമായിട്ടാണ് ദിവ്യ രംഗത്തെത്തിയിരിക്കുന്നത്. ഒരിക്കൽ ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയാകണമെന്നില്ല എന്ന കുറിപ്പിലൂടെ രാഷ്ട്രീയ ജീവിതത്തിലെ നിലപാടുമാറ്റങ്ങളെക്കുറിച്ചുള്ള സൂചനകളാണ് ദിവ്യ നൽകുന്നത്.
ഒരു കരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല. ജീവിതം പഠിപ്പിച്ച പാഠമാണെന്നും ബുദ്ധന്റെ കഥ പരാമർശിച്ചുകൊണ്ട് ദിവ്യ കുറിച്ചു. നീതി വൈകിയേക്കാം എന്നാൽ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ലെന്നും പോസ്റ്റിലുണ്ട്.
കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവു മരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.പി.ദിവ്യ രാജിവച്ചത്. തുടർന്ന് സിപിഎം ദിവ്യയെ പാർട്ടിയിൽ തരംതാഴ്ത്തിയിരുന്നു. അടുത്തിടെ നടന്ന സിപിഎം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും ദിവ്യയ്ക്ക് കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല.
ഇതോടെയാണ് പാർട്ടിയിൽ നിന്ന് അകലുകയാണെന്ന് സൂചനയുള്ള പോസ്റ്റ് ഫേയ്സ്ബുക്കിൽ പങ്കുവച്ചത്. അതേസമയം സിപിഎം നേതാക്കൾ ഇതെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.