ന്യൂഡൽഹി: അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മോദിസർക്കാർ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിൽ ആയിരക്കണക്കിനു കോടി രൂപ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. 2024-25 സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ 8452 കോടി രൂപ നീക്കിയിരിപ്പുള്ള അക്കൗണ്ടിൽനിന്ന് ആ വർഷം ചെലവഴിച്ചത് വെറും 87.85 ലക്ഷം രൂപ മാത്രമാണ്.
വലിയൊരു തുക വിനിയോഗിക്കാതെ വെറുതെ സൂക്ഷിക്കുന്നതിനെതിരേ കേന്ദ്രസർക്കാരിനെതിരേ പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ശക്തമായ വിമർശനവുമായി രംഗത്തെത്തി.
പിഎം കെയേഴ്സ് ഫണ്ടിലുള്ള ഒരു ശതമാനത്തിൽ താഴെ തുക മാത്രം സർക്കാർ വിനിയോഗിച്ചതിനെക്കുറിച്ചും ഇത്രയും വലിയ തുകകൾ വെറുതെ സൂക്ഷിക്കുന്നത് എന്തുകൊണ്ടാണെന്നുമാണ് പ്രതിപക്ഷനേതാക്കൾ ചോദ്യമുയർത്തുന്നത്.
പ്രവർത്തനം പേരിനു മാത്രം?
2020 മാർച്ചിൽ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി രൂപീകരിച്ചതാണ് പിഎം കെയേഴ്സ് ഫണ്ട്. ആഭ്യന്തര, വിദേശ സംഭാവനകൾ സ്വീകരിക്കുന്ന ഈ ഫണ്ടിൽനിന്നു കോവിഡ് കാലത്ത് വെന്റിലേറ്ററുകൾ, ഓക്സിജൻ ഉപകരണങ്ങൾ, വാക്സിൻ വിതരണം തുടങ്ങിയവയ്ക്ക് പണം വിനിയോഗിച്ചിരുന്നു.
പൊതുജനാരോഗ്യ അടിയന്തരാവസ്ഥയോ അല്ലെങ്കിൽ മനുഷ്യനിർമിതമോ പ്രകൃതിദത്തമോ ആയ മറ്റേതെങ്കിലും അടിയന്തര സാഹചര്യങ്ങൾ, ദുരന്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള സഹായം ഏറ്റെടുക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പിഎം കെയേഴ്സ് ഫണ്ട് ഉപയോഗിക്കുമെന്നാണ് ഫണ്ടിന്റെ ലക്ഷ്യമായി പിഎം കെയേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത്.
എന്നാൽ 2020 മാർച്ച് മുതൽ 2025 മാർച്ച് 31 വരെ ഫണ്ട് അതിന്റെ മൊത്തം വരുമാനത്തിന്റെ അഞ്ചിലൊന്നു (18.7 ശതമാനം) മാത്രമാണ് ഇതുവരെ ചെലവഴിച്ചിരിക്കുന്നത്.
2023-24 ലും 2024-25ലും പിഎം കെയേഴ്സിന് 1,162.92 കോടി രൂപ സംഭാവനയായി ലഭിച്ചെങ്കിലും ഈ കാലയളവിൽ ഫണ്ടിൽനിന്നു ചെലവഴിച്ചത് 16.47 കോടി രൂപ മാത്രമാണ്.
2024-25 ൽ ഫണ്ട് 479.97 കോടി രൂപ സംഭാവനയായി ശേഖരിച്ചപ്പോൾ കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി സഹായം നൽകുന്ന പദ്ധതിയായ പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ എന്ന പദ്ധതിക്കുവേണ്ടി 87.85 ലക്ഷം രൂപ മാത്രമാണു ചെലവഴിച്ചതെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2023-24 ൽ 682.94 കോടി രൂപ സമാഹരിച്ചപ്പോൾ 15.59 കോടി രൂപ മാത്രമാണ് ഫണ്ട് ചെലവഴിച്ചത്.
324 കോടിയുടെ റീഫണ്ടും വിവാദത്തിൽ
പ്രകൃതിദുരന്തങ്ങളിൽ വൻ ആൾനാശമുണ്ടാകുകയും ആയിരക്കണക്കിന് ആളുകൾക്ക് ദുരിതാശ്വാസവും പുനരധിവാസവും ആവശ്യമായി വരികയും ചെയ്യുമ്പോൾ ലഭ്യമായ 8,452 കോടി രൂപയുടെ 0.01 ശതമാനം മാത്രമേ വിനിയോഗിച്ചിട്ടുള്ളൂവെന്നും ആളുകൾ കഷ്ടപ്പെടുമ്പോൾ 8,452 കോടി രൂപ വെറുതെ ഇരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര കുറ്റപ്പെടുത്തി.
അതേസമയം, ഓഡിറ്റ് റിപ്പോർട്ടിൽ 324 കോടി രൂപ റീഫണ്ട് ചെയ്തതായി കാണിക്കുന്നതിനെ സാമൂഹിക പ്രവർത്തക അഞ്ജലി ഭരദ്വാജ് ചോദ്യം ചെയ്തു. ഇത് ഏത് ഏജൻസികളാണു തിരിച്ചടച്ചതെന്നും തകരാറുള്ള ഉപകരണങ്ങൾ വാങ്ങിയതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് രക്ഷപ്പെടാനാണോ ഈ റീഫണ്ടുകളെന്നു വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.