കൊച്ചി: രാജ്യത്തെ ആദ്യത്തെ തദ്ദേശീയ യാത്രാവിമാനമായ സരസ് എംകെ 2 ലെ പ്രൈമറി പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (പിപിഡിഎസ്) കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പിന്റെ പ്രതിരോധ - വ്യോമയാന വിഭാഗമായ എസ്എഫ്ഒ ടെക്നോളജീസ് വികസിപ്പിച്ചു.
ബംഗളൂരു സിഎസ്ഐആർ-നാഷണൽ എയ്റോസ്പേസ് ലബോറട്ടറിയുമായി (എൻഎഎൽ) ചേർന്നു വികസിപ്പിച്ച സംവിധാനത്തിന്റെ ആദ്യ എയർവർത്തി യൂണിറ്റ് എസ്എഫ്ഒ അധികൃതർ എൻഎഎലിനു കൈമാറി.
കളമശേരി ഹൈടെക് പാർക്കിൽ നടന്ന ചടങ്ങിൽ നെസ്റ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ, എൻഎഎൽ ഡയറക്ടർ ഡോ. അഭയ് അനന്ത് പാഷിൽക്കർ, മുതിർന്ന ശാസ്ത്രജ്ഞർ എന്നിവർ പങ്കെടുത്തു.
വ്യോമയാന മേഖലയിലെ ഏറ്റവും ഉയർന്ന ഡിസൈൻ സെക്യൂരിറ്റി മാനദണ്ഡമായ ഡിസൈൻ അഷ്വറൻസ് ലെവൽ-എ ഉറപ്പുനൽകുന്നതാണ് ഈ പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം.
പിപിഡിഎസിന് ആവശ്യമായ സോഫ്റ്റ്വേർ വികസിപ്പിച്ചെടുത്തത് നെസ്റ്റ് ഡിജിറ്റലാണ്. ഡിആർഡിഒ വികസിപ്പിക്കുന്ന ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിനായി എസ്എഫ്ഒ ടെക്നോളജീസ് പവർ മാനേജ്മെന്റ് സിസ്റ്റങ്ങൾ വികസിപ്പിക്കുന്നുണ്ട്.
റീജണൽ കണക്റ്റിവിറ്റി പദ്ധതിയായ ഉഡാൻ വഴി ചെറുനഗരങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് സാരസ് എംകെ 2 തദ്ദേശീയ യാത്രാവിമാനം നിർമിക്കുന്നത്. 19 സീറ്റുകളുള്ള വിമാനം ഇന്ത്യൻ വ്യോമസേനയുടെ ആവശ്യങ്ങൾക്കും ഉപയോഗിക്കും.