ന്യൂഡൽഹി: ജൂണ്‍ 15 മുതൽ ഇന്ത്യ പുതിയ പ്രൊഡ്യൂസർ പ്രൈസ് ഇൻഡെക്സ് (പിപിഐ) ആരംഭിക്കുകയും പരിഷ്കരിച്ച ഓൾസെയിൽ പ്രൈസ് ഇൻഡെക്സ് (ഡബ്ല്യുപിഐ) പരന്പര നടപ്പിലാക്കുകയും ചെയ്യും. ഒരു പതിറ്റാണ്ടിലേറെക്കാലത്തെ രാജ്യത്തിന്റെ പണപ്പെരുപ്പ നിർണയ സംവിധാനത്തിലെ ഏറ്റവും സുപ്രധാനമായ പുനഃക്രമീകരണങ്ങളിൽ ഒന്നാണിത്.
ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് അറിയിച്ചതനുസരിച്ച്, ഡബ്ല്യുപിഐയുടെ അടിസ്ഥാന വർഷം 2011-12ൽ നിന്നും 2022-23ലേക്ക് പരിഷ്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഔട്ട്പുട്ട് പ്രൊഡ്യൂസർ പ്രൈസ് ഇൻഡെക്സ് (ഒപിപിഐ), ട്രയൽ ഇൻപുട്ട് പ്രൊഡ്യൂസർ പ്രൈസ് ഇൻഡെക്സ് (ഐപിപിഐ), സർവീസ് പ്രൊഡ്യൂസർ പ്രൈസ് ഇൻഡെക്സ് എന്നിവയുടെ പുതിയ പരന്പരകളും അവതരിപ്പിക്കും.
ഇന്ത്യയിലെ പണപ്പെരുപ്പ സൂചികകളെ വികസിത സന്പദ്വ്യവസ്ഥകൾ പിന്തുടരുന്ന ആഗോള മികച്ച മാതൃകകളുമായി പൊരുത്തപ്പെടുത്തുന്നതിനും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സന്പദ്വ്യവസ്ഥയിലെ വിലക്കയറ്റ നിരക്കുകൾ കൂടുതൽ കൃത്യമായി കണക്കാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.
നിലവിലുള്ള 2011-12 അടിസ്ഥാന വർഷ പരന്പരയ്ക്ക് പകരമാകുന്ന പുതിയ ഡബ്ല്യുപിഐ പരന്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉത്പന്നങ്ങളുടെ എണ്ണം 697-ൽ നിന്നും 957 ആയി ഉയർത്തിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയുടെ ഉൗർജ മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന ഘടനയെ പ്രതിഫലിപ്പിച്ചുകൊണ്ട് സൗരോർജം, കാറ്റിൽ നിന്നുള്ള ഉൗർജം തുടങ്ങിയ പുനരുപയോഗ ഉൗർജ സ്രോതസുകളെയും ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയെയും ഇതിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു പ്രധാന മാറ്റമായി, അസംസ്കൃത എണ്ണ, പ്രകൃതി വാതകം എന്നിവയെ ’പ്രൈമറി ആർട്ടിക്കിൾസ്’ വിഭാഗത്തിൽ നിന്നും ’ഫ്യുവൽ ആൻഡ് പവർ’ ഗ്രൂപ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഉൗർജ വിലയിലെ മാറ്റങ്ങൾ കൂടുതൽ ഏകോപിതമായി നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം രൂപീകരിക്കാൻ ഇത് സഹായിക്കും.
സൂചിക കണക്കാക്കാൻ ഉപയോഗിക്കുന്ന രീതിശാസ്ത്രത്തിലും സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിഷ്കരിച്ച ഡബ്ല്യുപിഐയിലെ വെയിറ്റേജുകൾ ഇനിമുതൽ മുന്‍പത്തെ നെറ്റ് ട്രേഡഡ് വാല്യൂവിന് പകരമായി ഗ്രോസ് വാല്യൂ ഓഫ് ഔട്ട്പുട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും. ഒരു ഉത്പാദകന്റെ കാഴ്ചപ്പാടിൽ ഉത്പന്നങ്ങളുടെ സാന്പത്തിക പ്രാധാന്യത്തെ കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രൊഡ്യൂസർ പ്രൈസ് ഇൻഡെക്സിന്റെ അവതരണം, ഉത്പാദന തലത്തിലെ പണപ്പെരുപ്പം അളക്കുന്ന രീതിയിൽ വിപുലമായ ഒരു മാറ്റത്തിന് വഴിതെളിക്കുന്നു. മൊത്തവ്യാപാര തലത്തിലെ ചരക്കുകളുടെ വിലയെ പ്രധാനമായും നിരീക്ഷിക്കുന്ന ഡബ്ല്യുപിഐയിൽ നിന്ന് വ്യത്യസ്തമായി, പിപിഐ സംവിധാനം ഉത്പാദകർക്ക് ലഭിക്കുന്ന വിലയെ രേഖപ്പെടുത്തുന്നു. കൂടാതെ, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പകുതിയിലധികവും സംഭാവന ചെയ്യുന്ന സേവന മേഖലയെക്കൂടി ഇത് ഉൾക്കൊള്ളുന്നു.
ആദ്യഘട്ടത്തിൽ, സർവീസ് പിപിഐകൾ ബാങ്കിംഗ്, സെക്യൂരിറ്റീസ് ഇടപാടുകൾ, ഇൻഷുറൻസ്, പെൻഷൻ ഫണ്ട് മാനേജ്മെന്റ്, റെയിൽവേ, വ്യോമയാന യാത്രാ സേവനങ്ങൾ, ടെലികോം എന്നീ ഏഴ് മേഖലകളെ ഉൾപ്പെടുത്തും.