കോഴിക്കോട്: മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന് പ്രവൃത്തി നിർത്തിവച്ചതിനിടെ, കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണ മേല്‍നോട്ടത്തിനായി പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) കോഴിക്കോട് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍, കോഴിക്കോട്, വയനാട് പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ എന്നിവരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമാണ് ഉദ്യോഗസ്ഥര്‍ക്കു മേല്‍നോട്ട ചുമതലകള്‍ നിശ്ചയിച്ചിരിക്കുന്നത്. മുമ്പ് കൃത്യമായ മേല്‍നോട്ട ഏജന്‍സിയുടെ കുറവ് ചൂണ്ടിക്കാണിക്കപ്പെട്ട സാഹചര്യത്തിലാണ്, വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശനമായ നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടി.
ഇക്കഴിഞ്ഞ ജൂലൈയില്‍ കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തുരങ്കമുഖങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്.തുരങ്കപാതയുടെ പരിസ്ഥിതി-സുരക്ഷാ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അപകടസാധ്യതകള്‍ പൂര്‍ണമായും ഒഴിവാക്കി നിര്‍മാണം പുനരാരംഭിക്കുമെന്നാണ് മുഖ്യമന്ത്രി രണ്ടാഴ്ച മുമ്പ് നിയമസഭയില്‍ വ്യക്തമാക്കിയത്.
വിദഗ്ധ സമിതി അംഗങ്ങള്‍ പലതവണ തുരങ്കപാത നിര്‍മാണ സ്ഥലങ്ങള്‍ പരിശോധിച്ചുവെങ്കിലും ഇതുവരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇനിയും ചില രേഖകള്‍ കരാര്‍ കമ്പനിയില്‍ നിന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും വിദഗ്ധ സമിതിക്ക് ലഭിക്കാനുണ്ടെന്നാണു സൂചന. കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് ലിമിറ്റഡിനാണു പദ്ധതിയുടെ പ്രധാന നിര്‍മാണച്ചുമതല.