നെടുങ്കണ്ടം: പച്ചടി തോട്ടുവാക്കട ഇരട്ടക്കൊലപാതകക്കേസിലെ പ്രതി സജി, ഇയാളുടെ പിതാവായ മാത്യുവിനെയും(73) കൊലപ്പെടുത്തിയതായി സൂചന. ഇവരുടെ പുരയിടത്തില്‍ പോലീസ് മണ്ണ് കുഴിച്ചു നടത്തിയ പരിശോധനയില്‍ മാത്യുവിന്റേതെന്നു സംശയിക്കുന്ന അസ്ഥിക്കഷണം കണ്ടെത്തി.
കഴിഞ്ഞ 27നാണ് പൊന്നൂട്ടിയില്‍ മേരിക്കുട്ടി, മകന് റെജി എന്നിവരുടെ മൃതദേഹങ്ങള്‍ ഇവരുടെ വീടിനു സമീപം കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്. പിറ്റേദിവസം മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നെന്നു ചോദ്യംചെയ്യലില്‍ സജി സമ്മതിച്ചു. പിതാവിനെയും ഇയാൾ കൊലപ്പെടുത്തിയതായി പോലീസിന് സൂചന നല്‍കിയെങ്കിലും പിന്നീട് അതു നിഷേധിച്ചു.
ഇന്നലെ കോടതിയില്‍നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി, പുരയിടത്തില്‍ ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. വീടിന്റെ പിൻവശത്ത് മുമ്പുണ്ടായിരുന്ന പടുതാക്കുഴിയിലെ മണ്ണ് മാറ്റിയപ്പോഴാണ് അസ്ഥിക്കഷണം കണ്ടത്. ഇതോടൊപ്പം മാത്യുവിന്റേതെന്ന് സംശയിക്കുന്ന വെള്ള ഷര്‍ട്ടും പാന്റ്സും കണ്ടെത്തി.
2018 മാര്‍ച്ച് മൂന്നിനാണ് സജിയുടെ പിതാവായ മാത്യുവിനെ(73) കാണാതായത്. പാസ്റ്ററായ ഇദ്ദേഹം മകളുടെ ചികിത്സാ ആവശ്യത്തിന് കട്ടപ്പന വെള്ളയാംകുടിക്ക് പോയെന്നാണ് പറഞ്ഞിരുന്നത്. കൊല്ലപ്പെട്ട റെജി, പിതാവിനെ കാണാതായതു സംബന്ധിച്ച് മാര്‍ച്ച് ഒമ്പതിന് പോലീസിൽ പരാതി നല്‍കിയിരുന്നു.
എന്നാല്‍, വ്യക്തമായ തെളിവുകള്‍ ലഭിക്കാതെവന്നതോടെ അന്വേഷണം അവസാനിപ്പിക്കുക യായിരുന്നു. സജി, അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് മാത്യുവിന്റെ തിരോധാനം സംബന്ധിച്ച് പുതിയ അന്വേഷണം ആരംഭിച്ചത്.
ഇന്നലെ നടത്തിയ പരിശോധനയില്‍ ലഭിച്ച അസ്ഥിക്കഷണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇത് മാത്യുവിന്റേതാണോ എന്ന് സ്ഥിരീകരിക്കാനാകൂ. ഇന്നലെ ഉച്ചയോടെ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു.