തിരുവനന്തപുരം: നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ (ഒടിആർ ) 68% ൽ നിന്നും 64.5 ശതമാനമായി കുറയ്ക്കാൻ കേന്ദ്രം തയാറാകാത്തതു മൂലം സപ്ലൈകോയ്ക്കുണ്ടായ സാന്പത്തിക ബാധ്യത അനുവദിക്കും.
2019-20 സീസണ് മുതൽ 2021- 22 വരെയുള്ള സംഭരണ വർഷങ്ങളിലുണ്ടായ ന്പാന്പത്തിക സാധ്യതയായ 253.06 കോടി രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
2017 സെപ്റ്റംബറിൽ നെല്ല് സംഭരണം ആരംഭിക്കേണ്ട സമയത്ത്, നെല്ല് സംസ്കരണത്തിൽ കിട്ടുന്ന അരിയുടെ ഔട്ട് ടേണ്‍ റേഷ്യോ കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള 68% കിട്ടുന്നില്ലെന്ന കാരണത്താൽ മില്ലുടമകൾ നെല്ലടുക്കാൻ വിസമ്മതിച്ചിരുന്നു.
ഔട്ട് ടേണ്‍ റേഷ്യോ ഒരു ക്വിന്റൽ നെല്ലിന് 68% നിന്നും 64.5 % ആയി കേന്ദ്ര സർക്കാർ കുറവ് വരുത്തുന്നത് വരെയുള്ള സാന്പത്തിക ബാധ്യത സംസ്ഥാന സർക്കാർ വഹിക്കുന്നതാണെന്ന് 2018ൽ ഉത്തരവ് പുറപ്പെട്ടുവിച്ചിരുന്നു. തുടർന്നുണ്ടായ സാന്പത്തിക ബാധ്യത കൂടി ഏറ്റെടുക്കാനാണ് തീരുമാനം.