കുമരകം: വിരിപ്പു കൃഷി മടവീണു നശിച്ചതും പുഞ്ച ഒരുക്കം വെള്ളത്തില്‍ മുങ്ങിയതും കര്‍ഷകരെ തളര്‍ത്തി. രണ്ടാഴ്ച മുമ്പ്, കൃഷിക്ക് ആവശ്യത്തിനു വെള്ളം ലഭിക്കുമോയെന്ന ആശങ്കയിലായിരുന്ന നെല്‍ കർഷകരാണ് ഇപ്പോള്‍ മഴക്കെടുതിയില്‍ ദുരിതത്തിലായിരിക്കുന്നത്.
അയ്മനം, കുമരകം, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര, കല്ലറ, നീണ്ടൂര്‍ മേഖലയിലാണ് ദുരിതം കൂടുതല്‍. വിത കഴിഞ്ഞ പാടങ്ങളും വിതയ്ക്കാൻ ഒരുക്കിയ പാടങ്ങളും ഇപ്പോഴും വെള്ളത്തിലാണ്. അയ്മനത്ത് 622 ഹെക്ടര്‍ സ്ഥലത്തെ വിതകഴിഞ്ഞ് ഒരു മാസമായ കൃഷിയാണ് നശിച്ചത്. മേനോന്‍കരി പാടം വിതയ്ക്കാനായി ഒരുക്കിയിട്ടിരിക്കുകയായിരുന്നു. ഇവിടെ കിളിര്‍പ്പിച്ച വിത്തും ഉപയോഗശൂന്യമായി.
തിരുവാര്‍പ്പ് 19-ാം വാര്‍ഡ് ചെങ്ങളം സൗത്ത് 155 ഏക്കറുള്ള മാടപ്പള്ളിക്കാട് പാടത്ത് മട വീണ് മോട്ടോര്‍ തറ നശിച്ചു. വിത കഴിഞ്ഞ് കിളിർത്ത ചെറിയ ഞാർ വെള്ളത്തിൽ മുങ്ങി നശിച്ചു. വെള്ളം പൂര്‍ണമായി ഇറങ്ങിയാല്‍ മാത്രമേ കൃഷി നാശത്തിന്റെ വ്യാപ്തി അറിയാന്‍ കഴിയൂ എന്ന് കര്‍ഷകര്‍ പറയുന്നു.
ആര്‍പ്പൂക്കര പഞ്ചായത്തിലെ കാട്ടുകരി കല്ലിപ്പടവ്, പ്രായിവട്ടം കറുകപ്പാടം, ചൂരത്തറ നടുവിലേക്കര, കേളകരി, വാവക്കാട്, ആര്യാട്ടൂഴം, മംഗലശേരി തൊള്ളായിരം, ചാലാകരി പാടശേഖരങ്ങളിലാണ് കൃഷി നാശമുണ്ടായത്. ചൂരത്തറയില്‍ വിതച്ചിട്ട് 35 ദിവസമായതും കേളകരിയില്‍ രണ്ടാഴ്ച മാത്രമായതുമായ കൃഷിയാണ് നശിച്ചത്. അയ്മനം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലായുള്ള നാലുതോട്, പുത്തന്‍കരി, മങ്ങാട്ടുകുഴി, നൂറുപറ, കൊടുവത്ര, മേനോന്‍കരി, വികെവി പാടശേഖരങ്ങളാണ് വെള്ളത്തിനടിയിലായത്. ഇതില്‍ പുത്തന്‍കരിയില്‍ മടവീണ് മോട്ടോറും മോട്ടോര്പുരയുമടക്കം ഒഴുകിപ്പോയിയിരുന്നു.
കുമരകം പഞ്ചായത്തിൽ മങ്കുഴി പാടം ബണ്ട് കവിഞ്ഞ് മുങ്ങി. ഇടവട്ടം, കൊല്ലകരി, തെക്കേ മൂലപ്പാടം, വടക്കേ മൂലേപ്പാടം തുടങ്ങി വർഷ കൃഷിക്കായി നിലം ഒരുക്കിയതും വിതച്ചതുമായ പാടങ്ങളെല്ലാം വെള്ളം കയറി മുങ്ങിക്കിടക്കുകയാണ്.
ജില്ലയില്‍ കൂടുതല്‍ കര്‍ഷകരും പുഞ്ചക്കൃഷി ഇറക്കുന്നവരാണ്. വർഷകൃഷി ഒരുക്കത്തിലേക്കു കടക്കവേയാണ് വെള്ളപ്പൊക്കമെത്തിയത്. നിരവധി പാടശേഖരങ്ങളുടെ പുറംബണ്ട് നശിച്ചു. ഏറ്റവും വലിയ പാടശേഖരങ്ങളില്‍ ഒന്നായ ജെ ബ്ലോക്കില്‍ നാലിടങ്ങളില്‍ ബണ്ട് തകര്‍ന്നു. പുനര്നിര്മിക്കണമെങ്കില് ലക്ഷങ്ങള്‍ ചെലവുവരും. കളപറിച്ചും നിരപ്പാക്കിയും ഒരുക്കിയ പടങ്ങളില്‍ ഇനി വെള്ളം വറ്റിച്ചു പ്രാരംഭ നടപടികള്‍ വീണ്ടും തുടങ്ങണം.
വിരിപ്പു കൃഷി നഷ്ടപ്പെട്ടവര്‍ക്കു വീണ്ടും വിതയ്ക്കാന്‍ സൗജന്യമായി ആവശ്യത്തിന് വിത്ത് ലഭിക്കില്ല. ഏക്കറിനു 30 കിലോ വിത്തു മാത്രമേ ലഭിക്കൂ. ബാക്കി കൂടിയ വിലയ്ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് വാങ്ങണം. രോഗ പ്രതിരോധശേഷിയും ഗുണനിലവാരവും കുറഞ്ഞ വിത്തിന് വിളവും കുറവായിരിക്കും. സമയത്തു കൊയ്ത്തും നടക്കില്ല. നേരത്തേ മട വീണ് കൃഷി നശിച്ചതിന്റെ പണം മിക്കവര്‍ക്കും ലഭിച്ചിട്ടില്ല.
പുഞ്ച കൃഷിയുടെ നെല്ല് സപ്ലൈകോ സംഭരിച്ചതിന്റെ പണവും പല കർഷകരുടെയും അക്കൗണ്ടിൽ എത്തിയിട്ടില്ല.
വെള്ളപ്പൊക്കത്തില്‍ മടവീഴാതിരിക്കാന്‍ എല്ലാ പാടശേഖരങ്ങളുടെയും പുറംബണ്ടുകളുടെ അകവും പുറവും കല്ലുകെട്ടിയും സ്ലാബ് ഉപയോഗിച്ചും ബലപ്പെടുത്തണമെന്ന് നിര്‍ദേശമുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ലെന്നും കര്‍ഷകര്‍ക്കു പരാതിയുണ്ട്.