പെഷവാർ: പാക്കിസ്ഥാനിൽ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ മോസ്കിലുണ്ടായ ചാവേർ സ്ഫോടനത്തിലും തുടർന്നുള്ള വെടിവയ്പിലും 27 പേർ കൊല്ലപ്പെട്ടു; 75 പേർക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 15 പോലീസ് ഉദ്യോഗസ്ഥരും അഞ്ച് സിവിലിയന്മാരും ഉൾപ്പെടുന്നു.
പെഷവാറിൽനിന്ന് 60 കിലോമീറ്റർ അകലെ കൊഹാത്ത് ജില്ലയിൽ പോലീസ് ഹെഡ്ക്വാട്ടേഴ്സിനോടു ചേർന്ന മോസ്കിൽ വെള്ളിയാഴ്ച പ്രാർഥന നടക്കുന്നതിനിടെ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് ഭീകരർ വെടിവയ്പും നടത്തി.
പോലീസുകാരും കുടുംബാംഗങ്ങളുമാണ് മോസ്കിലെ ഉച്ചപ്രാർഥനയിൽ പങ്കെടുത്തിരുന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പാക് താലിബാനിലെ (തെഹ്‌രിക് ഇ താലിബാൻ) ഇത്തിഹാദുൾ മുജാഹിദ്ദീൻ വിഭാഗം ഏറ്റെടുത്തു.
സ്ഫോടനത്തിൽ മോസ്ക്കിന് വലിയ തോതിൽ നാശമുണ്ടായി. സ്ഫോടനത്തിനു പിന്നാലെ പോലീസ് ഹെഡ്ക്വാട്ടേഴ്സിൽ കടക്കാൻ ശ്രമിച്ച ഭീകരരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ആറു ഭീകരരെ പോലീസ് വധിച്ചതായി റിപ്പോർട്ടുണ്ട്.