കോഴിക്കോട്: മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ ബംഗാൾ സ്വദേശിയായ യുവാവിനെ പാകിസ്ഥാൻ ബന്ധം സംശയിച്ച് ബേപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പാകിസ്ഥാൻ സ്വദേശിയുമായി ഇയാൾ നിരന്തരം വാട്സാപ് ചാറ്റ് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഉച്ചയോടെ ഹാർബറിൽ എത്തിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബോട്ടിൽ ജോലിക്ക് എത്തിയതാണെന്നായിരുന്നു ഇയാളുടെ മൊഴിയെങ്കിലും, ഏത് ബോട്ടിലാണെന്ന് വ്യക്തമാക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ആധാർ രേഖകൾ പരിശോധിച്ചാണ് ഇയാൾ ബംഗാൾ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്.
തനിക്ക് യൂട്യൂബ് ചാനൽ ഉണ്ടെന്നും, അതുവഴി പരിചയപ്പെട്ടാണ് പാക് സ്വദേശിയുമായി ചാറ്റ് ചെയ്തതെന്നുമാണ് യുവാവ് നൽകിയിരിക്കുന്ന വിശദീകരണം. എന്നാൽ ഈ മൊഴി പൂർണ്ണമായി വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയാറായിട്ടില്ല. ബേപ്പൂർ സ്റ്റേഷനിൽ വെച്ച് പോലീസും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ ഫോണും മറ്റ് രേഖകളും വിശദമായി പരിശോധിച്ചു വരികയാണെന്ന് ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ. പ്രേംജിത്ത് അറിയിച്ചു.