കൊളംബോ: ടി20 ലോകകപ്പില്‍ അമേരിക്കയ്ക്കെതിരെ പാക്കിസ്ഥാന് ജയം. കൊളംബോ സിംഹളീസ് സ്പോര്‍ട്സ് ക്ലബില്‍ നടന്ന മത്സരത്തിൽ 32 റണ്‍സിന്റെ ജയമാണ് പാക്കിസ്ഥാന് സ്വന്തമാക്കിയത്. സ്കോർ: പാക്കിസ്ഥാൻ 190/9 യുഎസ്എ 158/8.
191 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ അമേരിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഷയാന്‍ ജഹാന്ഗിര് - ആന്‍ഡ്രീസ് ഗൗസ് (13) സഖ്യം 42 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ അഞ്ചാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. ഗൗസിനെ മുഹമ്മദ് നവാസ് പുറത്താക്കി.
തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേലിന് മൂന്ന് റണ്‍സെടുക്കാന്‍ മാത്രാണ് സാധിച്ചത്. പിന്നാലെ ജഹാന്‍ഗിറും (49) മടങ്ങി. മിലിന്ദ് കുമാര്‍ (29) ശുഭം രഞ്ജാന (51) എന്നിവർ പൊരുതിയെങ്കിലും തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സാധിച്ചത്. നാലുപേർക്ക് മാത്രമാണ് അമേരിക്കൻ നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞൊള്ളൂ.
പാക്കിസ്ഥാനുവേണ്ടി ഉസ്മാന് താരിഖ് മൂന്നും ഷദാബ് ഖാന് രണ്ടും വിക്കറ്റ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാക്കിസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 190 റണ്‍സ് നേടിയത്. സഹിബ്സാദ ഫര്ഹാന് (73) അര്‍ധ സെഞ്ചുറി നേടി. യുഎസ്എയ്ക്ക് വേണ്ടി ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് നാല് വിക്കറ്റ് വീഴ്ത്തി.
ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ച പാക്കിസ്ഥാന്റെ രണ്ടാം ജയമാണിത്. സഹിബ്സാദ ഫര്‍ഹാനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.