ജയ്പുർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ റെയിൽപാളം സ്ഫോടനത്തിൽ തകർത്ത സംഭവത്തിൽ പാക്കിസ്ഥാൻ ബന്ധമുള്ള യുവതിയും യുവാവും അറസ്റ്റിൽ. മഹക്ദീപ് കൗർ(21) ദാവീന്ദർ സിംഗ് (22) എന്നിവരാണ് അറസ്റ്റിലായത്.
രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡും ശ്രീ ഗംഗാനഗർ പൊലിസും പഞ്ചാബ് പൊലിസും ചേർന്നാണ് മൂവരെയും പിടികൂടിയത്. അറസ്റ്റിലായ മഹക്ദീപ് കൗറിന് പാക്കിസാനിൽ നിന്നുള്ള രണ്ടുപേരുമായി ബന്ധമുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇവരുടെ നിർദേശപ്രകാരമാണ് യുവതി പ്രവർത്തിച്ചിരുന്നതെന്നും പൊലിസ് വ്യക്തമാക്കി.
ചാച്ചാ, ഷാ എന്നീ പേരുകളിലാണ് പാകിസ്ഥാനിൽനിന്നുള്ള രണ്ടുപേർ യുവതിയെ ബന്ധപ്പെട്ടിരുന്നത്. ഓൺലൈൻ വഴി പ്രണയാഭ്യർഥന നടത്തിയാണ് ഇവർ യുവതിയെ വലയിലാക്കിയത്. യുവതിക്ക് പണവും നൽകിയിരുന്നു. ശ്രീ ഗംഗാനഗറിലെ പാളത്തിൽ സ്ഫോടനം നടത്താൻ യുവതിക്ക് പാക്കിസ്ഥാനിൽ നിന്ന് പണം ലഭിച്ചിരുന്നതായും പൊലിസ് പറഞ്ഞു.