പാലാ: ശരീരം തൊണ്ണൂറ് ശതമാനവും പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട രണ്ടു വയസുകാരന് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ വിവിധ ചികിത്സാവിഭാഗങ്ങള്‍ ചേര്‍ന്നു നല്‍കിയത് അത്ഭുത പുനര്ജന്മം.
വൈദ്യശാസ്ത്ര ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഈ അത്ഭുത രക്ഷപെടുത്തല്‍ നാല് മാസം കണ്ണിമ ചിമ്മാതെ നടത്തിയ പരിചരണത്തിന്റെ പുണ്യമായി മാറി. ഇടുക്കി വണ്ടന്മേട് സ്വദേശിയായ രണ്ടു വയസുകാരന് കളിചിരികളും കളിപ്പാട്ടങ്ങളുമായി കഴിഞ്ഞ ദിവസം വീട്ടിലേക്കു തിരികെ മടങ്ങിയപ്പോള്‍ പരിചരിച്ചവര്‍ ഒന്നടങ്കം അവന് സ്നേഹചുംബനങ്ങള് നല്‍കിയാണ് പുതുജീവിതത്തിലേക്ക് യാത്രയാക്കിയത്.
കഴിഞ്ഞ ഒക്ടോബര്‍ ഒന്പതിനു വൈകുന്നേരം വീടിനുള്ളില്‍ തിളപ്പിച്ചുവച്ച ചൂടുവെള്ളത്തിലേക്ക് വീണായിരുന്നു രണ്ട് വയസുകാരന് അപകടം ഉണ്ടായത്. തല മുതല്‍ കാല്‍മുട്ട് വരെയുള്ള ഭാഗത്തു പൂഗുരുതര പൊള്ളലേറ്റിരുന്നു. ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം കുഞ്ഞിനെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മണിക്കൂറുകള്‍ മാത്രമെ ജീവിച്ചിരിക്കുകയുള്ളൂ എന്ന അവസ്ഥയിലായിരുന്ന കുരുന്നിനെ എങ്ങനെയെങ്കിലും തിരിച്ചു നല്‍കണമെന്ന മാതാപിതാക്കളുടെ കണ്ണീരോടെയുള്ള പ്രാര്‍ഥന തങ്ങളുടെ ജീവിത നിയോഗം പോലെ ഡോക്ടര്‍മാര്‍ ഏറ്റെടുത്തു.
എമര്‍ജന്‍സി വിഭാഗത്തില്‍നിന്നും പീഡിയാട്രിക് ഇന്റ്സിവിസ്റ്റിന്റെ നേതൃത്വത്തിലുള്ള പീഡിയാട്രിക് ഐസിയുവിലും പിന്നീട് ബേണ്‍ ഐസിയുവിലും കുഞ്ഞിനെ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആഴ്ചകളും മാസങ്ങളും നടന്നത് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ അതീവ സങ്കീര്‍ണ്ണമായ ചികിത്സകളുടെയും ശസ്ത്രക്രിയകളുടെയും പരമ്പരകളാണ്. തല, ചെവി, മുഖം, കൈ, നെഞ്ച്, വയര്‍ എന്നിവിടങ്ങളിലുള്‍പ്പെടെ പൂര്‍ണമായും പൊള്ളലേറ്റ് ആരുടെയും നെഞ്ചുരുകുന്ന കാഴ്ചയില്‍നിന്നും അവന് കണ്ണ് തുറന്ന് ചിരിച്ചപ്പോള്‍ പരിചരിച്ചവരുടെ മുഖത്ത്നിന്നു സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു.
ചികിത്സയില്‍ പ്രവേശിപ്പിച്ച ആദ്യദിനങ്ങളില്‍ വൃക്കതകരാര്‍ ഉണ്ടായതിനെ തുടര്‍ന്നു കുരുന്നിന് ഡയാലിസിസ് വേണ്ടി വന്നു. മുഖത്തും വായിലും അതീവഗുരുതരമായ പൊള്ളലേറ്റിരുന്നതും സ്ഥിതിഗതികള്‍ വഷളാക്കിയിരുന്നു. അത്യാധുനിക വെന്റിലേറ്റര്‍ സംവിധാനം ക്രമീകരിച്ചാണ് കുഞ്ഞിന്റെ ശ്വസനം നിയന്ത്രിച്ചിരുന്നത്. 35 ദിവസത്തിനുശേഷമാണു കുഞ്ഞിനെ വെന്റിലേറ്റര്‍ സഹായത്തില്‍നിന്നു മാറ്റാന്‍ സാധിച്ചത്.
ദേഹമാസകലം പൊള്ളലേറ്റ കുട്ടിയുടെ ശരീരം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ദൗത്യം പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് വിഭാഗമാണ് ഏറ്റെടുത്തത്. ഇടവിട്ടുള്ള എട്ടു ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. കുഞ്ഞിന്റെ ശരീരം പൂര്‍ണമായി പൊള്ളിയിരുന്നതിനാല്‍ അമ്മയുടെ ശരീരത്തില്‍നിന്ന് സ്കിന്‍ ഗ്രാഫ്റ്റ് എടുത്താണ് ആദ്യ ശസ്ത്രക്രിയകള്‍ ചെയ്തിരുന്നത്.
ആശുപത്രി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസും പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്സട്രക്ടീവ് വിഭാഗം മേധാവിയുമായ എയര്‍കമ്മഡോര്‍ ഡോ. പോളിന് ബാബു, പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ ഡോ. സഫേലിയ നാസര്‍, പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സട്രക്ടീവ് വിഭാഗത്തിലെ ഡോ. അശ്വതി ചന്ദ്രന്, ഡോ. അനീഷ് ജോസഫ്, നെഫ്രോളജി വിഭാഗത്തിലെ ഡോ. മഞ്ജുള രാമചന്ദ്രന്, ഡോ. തരുണ്‍ ലോറന്‍സ്, പീഡിയാട്രിക് വിഭാഗത്തിലെ ഡോ. ജിസ് തോമസ്, ഇഎന്‍ടി വിഭാഗത്തിലെ ഡോ. ജോണ്‍ മാത്യു, ഡോ. ലിനു തോമസ്, എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ. അമല്‍ സ്കറിയ, അനസ്തേഷ്യോളജി വിഭാഗത്തിലെ ഡോ. മഞ്ജിത്ത് ജോര്‍ജ്, ഡോ. ലിബി ജെ. പാപ്പച്ചന്, ഡോ. എബി ജോണ്‍, ഡോ. അഞ്ജു ജനാര്ദ്ദനന്, കണ്‍സള്‍ട്ടന്റുമാരായ ഡോ. ജെയിംസ് സിറിയക്, ഡോ.ബേസില്‍ പോള്‍ കുന്നത്ത്, ഡോ. ശിവാനി ബക്ഷി, ഡോ. സേവ്യര്‍ ജോണ്‍, എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമായിരുന്നു നാലു മാസം നീണ്ട ചികിത്സകള്‍ നയിച്ചത്.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു തെക്കേല്‍, ആശുപത്രി ഓപ്പറേഷന്‍സ്, പ്രൊജക്ട്സ്, ലീഗല്‍ ആന്‍ഡ് ലെയ്സണ്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, ഹ്യൂമന്‍ റിസോഴ്സസ്, നഴ്സിംഗ് ആന്‍ഡ് അക്കാദമിക് ഡയറക്ടര്‍ റവ. ഡോ. ജോസഫ് കരികുളം, ഫിനാന്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് ഡയറക്ടര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ആയുഷ് വിഭാഗം അസോ. ഡയറക്ടര്‍ ഫാ. മാത്യു ചേന്നാട്ട്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രമോഷന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. മാത്യു തുരുത്തിപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുരുന്നിനെ തിരികെ വീട്ടിലേക്ക് യാത്രയാക്കിയത്.