പാലാ: കൗണ്‍സില്‍ തീരുമാനപ്രകാരം കമ്മിറ്റി രൂപികരിച്ച് ആശ്രുപതി സൂപ്രണ്ടിന് കത്ത് നല്‍കേണ്ടത് ചെയര്‍പേഴ്സൺ അല്ലെന്നും സെക്രട്ടറിയാണെന്നും കൗണ്‍സില്‍ തീരുമാനത്തിനും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായാണ് ചെയര്‍പേഴ്സണ്‍ ലിസ്റ്റ് പ്രസിദ്ധികരിച്ചിരിക്കുന്നതെന്നും പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്.
നിലവിലെ നിയമത്തില്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ നഗരസഭാ പ്രദേശത്ത് താമസിക്കുന്ന പ്രതിനിധികള്‍ അംഗങ്ങളാകാമെന്നും ആശുപത്രിയുടെ ഉന്നമനത്തിനായി താത്പര്യവും അറിവുമുള്ള കൗണ്‍സില്‍ ഏകകണ്ഠമായി നിര്‍ദേശിക്കുന്ന മൂന്നു പൊതുപ്രവര്‍ത്തകരെ നിയമിക്കാമെന്നുമാണ് ചട്ടം പറയുന്നത്.
സ്റ്റാറ്റ്യൂട്ടറി അംഗങ്ങളായ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, ആരോഗ്യ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, വാര്‍ഡ് കൗണ്‍സിലര്‍, സിഡിഎസ് പ്രസിഡന്റ്, ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യേഗസ്ഥര്‍ എന്നിവരെ വച്ച് കമ്മിറ്റി കൂടി തീരുമാനമെടുക്കാമെന്ന് ഓര്‍ഡറില്‍ പറയുന്നുണ്ട്. ബാക്കിയുള്ളവര്‍ നോമിനേറ്റ് പ്രതിനിധികളാണ്. ഇവര്‍ നിര്‍ബന്ധമുള്ളവരല്ല. പിന്നീട് കൂട്ടിച്ചേര്‍ത്താലും മതിയാവും. കേരള കോണ്‍ഗ്രസ്-എം അംഗീകൃത രാഷ്ട്രീയപാര്ട്ടിയായതിനാലും കൗണ്‍സിലില്‍ പത്ത് അംഗങ്ങള്‍ ഉള്ളതിനാലും നോമിനിയെ വയ്ക്കുന്നതിന് നിയമപരമായി തടസമില്ലെന്നും അതിനായി ഗവണ്മെന്റ് ഓര്‍ഡര്‍ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജനറല്‍ ആശുപത്രി വികസന സമിതിയില്‍ കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി വീണ്ടും നഗരസഭയ്ക്ക് കത്ത് നല്കി. പാർട്ടി ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുമാണ് നഗരസഭാ സെക്രട്ടറിക്കും ചെയര്‍പേഴ്സണും ഇത് സംബന്ധിച്ച് കത്ത് നല്‍കിയത്. 2017ലെ ഉത്തരവുപ്രകാരം നഗരസഭാ കൗണ്‍സിലില്‍ അംഗങ്ങളുള്ള എല്ലാ പാര്‍ട്ടികള്‍ക്കും നോമിനികളെ നിര്‍ദേശിക്കാം. ഇതുപ്രകാരം ബൈജു കൊല്ലംപറന്പിലിനെ ആശുപത്രി വികസനസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാമതും കത്ത് നല്‍കിയത്.