പാലക്കാട്: പാലക്കാടിന്റെ ജനപ്രതിനിധി എന്ന നിലയിൽ ഇനിമുതൽ പൂർണമായും ജനങ്ങൾക്ക് വേണ്ടിയുള്ള സേവനങ്ങളിൽ കേന്ദ്രീകരിക്കുമെന്ന് നിയുക്ത എംഎൽഎ രമേശ് പിഷാരടി. ഇതിന്റെ ഭാഗമായി തന്റെ സിനിമകളും സ്റ്റേജ് ഷോകളും പൂർണമായി ഒഴിവാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രശ്നങ്ങളിൽ എപ്പോഴും ഒപ്പമുണ്ടാകുമെന്നും, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പാലക്കാട് നഗരത്തിൽ തന്നെ എംഎൽഎയുടെ പുതിയ ഓഫീസ് അടുത്ത ദിവസങ്ങളിൽ തന്നെ തുറന്ന് പ്രവർത്തനമാരംഭിക്കും. ജനങ്ങൾക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും നേരിട്ടറിയിക്കാൻ ഇവിടെ സൗകര്യമുണ്ടാകും. നേരത്തെ ഉപയോഗിച്ചിരുന്ന എംഎൽഎ ഓഫീസ് കെട്ടിടം വിട്ടൊഴിയാൻ കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലായിരിക്കും പുതിയ ഓഫീസ് പ്രവർത്തിക്കുക.
റോഡുകൾ, കുടിവെള്ള ക്ഷാമം തുടങ്ങിയ പാലക്കാട്ടുകാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കലാരംഗത്തുനിന്ന് പൂർണമായും മാറിനിന്ന് മണ്ഡലത്തിലെ വോട്ടർമാർക്ക് വേണ്ടി മുഴുവൻ സമയവും നീക്കിവെക്കാനാണ് തന്റെ തീരുമാനമെന്നും രമേശ് പിഷാരടി വ്യക്തമാക്കി.