ഇരിങ്ങാലക്കുട: പാലരുവി എക്സ്പ്രസ് പല സ്റ്റേഷനുകളിലും പിടിച്ചിടുന്നത് യാത്രക്കാരെ വലയ്ക്കുന്നു.
സമയക്രമത്തില്‍ മാറ്റംവരുത്തി രാവിലെ 10ന് മുമ്പായി വണ്ടി തൃശൂരിലെത്തിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് വേണ്ട നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് കത്തുനല്‍കി.
ഈ ട്രെയിനില്‍ ദിവസേന കൊല്ലം മുതല്‍ തൃശൂര്‍ വരെ വന്നുപോകുന്ന അനേകം യാത്രക്കാരുണ്ട്. 2026 ജനുവരി ഒന്നുമുതല്‍ ട്രെയിന്‍ സമയക്രമത്തില്‍ പാലരുവി എക്സ്പ്രസിനുശേഷം വരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ സമയത്തില്‍ അഞ്ച് മിനിറ്റ് കുറവ് വരുത്തിയിരുന്നു.
അതിനാല്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഇപ്പോള്‍ തൃശൂരില്‍ രാവിലെ 10.13ന് എത്താന്‍ പാലരുവി എക്സ്പ്രസ് ഇരിങ്ങാലക്കുടയിലോ, പുതുക്കാടോ പിടിച്ചിടുകയാണ്. പാലരുവി എക്സ്പ്രസ് 10.45 മുതല്‍ 11.15 വരെ വൈകിയാണ് തൃശൂരില്‍ എത്തുന്നത്. ഇതുമൂലം ഈ ട്രെയിനില്‍ വരുന്ന യാത്രക്കാര്‍ക്ക് കൃത്യസമയത്ത് ഓഫീസിലെത്താനാകുന്നില്ല. പാലരുവി എക്സ്പ്രസിന്റെ സമയം 10 മിനിറ്റ് കുറച്ച് തൃശൂരില്‍ എത്തിച്ചാല്‍ യാത്രക്കാരുടെ പ്രശ്നം പരിഹരിക്കാനാകുമെന്നും പാസഞ്ചേഴ്സ് അസോസിയേഷന് വ്യക്തമാക്കി